പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയാകെ സെന്‍സേഷനായ താരമാണ് മമിത ബൈജു. കേരളത്തിന് പുറത്തേക്ക് വലിയ ജനപ്രീതിയാണ് പ്രേമലുവിലെ റീനു എന്ന കഥാപാത്രം മമിതക്ക് നേടികൊടുത്തത്. പിന്നാലെ വിജയ് ചിത്രത്തിലും മമിതയെത്തും എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
വിജയ്യുടെ പാട്ടിന് ഡാന്‍സ് കളിക്കുന്ന മമിതയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍. തമിഴ് നടന്‍ വിഷ്ണു വിശാലിനൊപ്പമാണ് മമിത വിജയ്യുടെ ഹിറ്റ് ഗാനമായ 'വാത്തി കമിങ്ങി'ന് ചുവടുകള്‍ വക്കുന്നത്. വിഷ്ണു വിശാല്‍ നായകനാവുന്ന 'ഇരണ്ടു വാനം' എന്ന ചിത്രത്തില്‍ മമിതയാണ് നായിക. ചിത്രത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചടങ്ങിനിടെയാണ് ഇരുവരും ഒരുമിച്ച് ഡാന്‍സ് ചെയ്തത്.
സൂപ്പര്‍ ഹിറ്റ് ചിത്രം 'രാക്ഷസന്' ശേഷം റാംകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇരണ്ടു വാനം. ഒരു ഫാന്റസി റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന 'ജനനായകനാ'ണ് മമിത അഭിനയിക്കുന്ന വിജയ് ചിത്രം. 'പ്രേമലൂ 2' ആണ് അണിയറയിലൊരുങ്ങുന്ന മമിതയുടെ മറ്റൊരു ചിത്രം.