തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായിട്ടാണ് ചിത്രം തിയറ്ററിലെത്തുക. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലര്‍ രജനികാന്തിനെ കാണിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്. ട്രെയിലർ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ പ്രതികരണം എന്നും തന്നെ മനസ്സിൽ സൂക്ഷിക്കുമെന്നും, ഫാൻബോയ് എന്ന നിലയിൽ വിലപെട്ട നിമിഷമാണെന്നും പൃഥ്വി കുറിച്ചു.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി-അബ്രാം /സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.