എമ്പുരാന്റെ ബുക്കിംഗിനായിട്ടുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് സിനിമയുടെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിക്കുക എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. എന്നാൽ കൊച്ചിയിലെ ഒരു തിയറ്ററിൽ ഇന്ന് വൈകുന്നേരം മുതൽ എമ്പുരാന്റെ ബുക്കിംഗ് ആരംഭിച്ചു. പ്രമുഖ ഓൺലൈൻ ബുക്കിംഗ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയിൽ കൊച്ചിയിലെ തിയറ്ററിലെ എമ്പുരാന്റെ ഷോകൾ ചാർട്ട് ചെയ്യുകയുണ്ടായി. ആദ്യ ദിവസത്തെ രണ്ടു ഷോകളാണ് ചാർട്ട് ചെയ്തത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ ഷോകളുടെ ടിക്കറ്റ് ഒട്ടുമുക്കാലും വിറ്റുപോവുകയും ചെയ്തു.
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.