എമ്പുരാനിലെ വിവാദഭാഗങ്ങളില്‍ മൂന്നുമിനിറ്റ് ഒഴിവാക്കി. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള രംഗങ്ങൾ ചിത്രത്തിൽനിന്ന് ഒഴിവാക്കി. വിവാദഭാഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് തിങ്കളാഴ്ചയോ ചെവ്വാഴ്ചയോ തിയറ്ററുകളിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഉടൻ റീ എഡിറ്റ് ചെയ്ത് നൽകണമെന്ന കേന്ദ്ര സെൻസർ ബോർഡിന്റെ (സിബിഎഫ്‌സി) നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. ഞായറാഴ്ച അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് യോഗം ചേരുകയായിരുന്നു.
ഗ്രേഡിങ് പൂർത്തിയാക്കേണ്ടതിനാലാണ് റീ സെൻസർ ചെയ്ത പതിപ്പ് എന്നു മുതൽ പ്രദർശിപ്പിക്കുമെന്ന കാര്യത്തിൽ തീരുമാനമാകാത്തത്. സിനിമയിൽനിന്ന് ആദ്യ 20 മിനിറ്റ് നീക്കാനാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചത്. എന്നാൽ ആകെ മൂന്നു മിനിറ്റാണ് ഒഴിവാക്കുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന കഥാപാത്രത്തിന്റെ പേര് ബൽരാജ് എന്നു മാറ്റിയേക്കും. 3 മിനിറ്റിൽ 17 കട്ടുകൾ ഉണ്ടാകുമെന്നാണ് അറിയുന്നത്.
അതേസമയം, എമ്പുരാനെ ചൊല്ലിയുള്ള വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. സിനിമ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തന്‍റെ കടമയാണെന്നും വിവാദഭാഗങ്ങൾ നീക്കം ചെയ്യുമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും ഉൾപ്പെടെ മോഹൻലാലിന്റെ കുറിപ്പ് പങ്കുവച്ചെങ്കിലും സിനിമയുടെ അണിയറപ്രവർത്തർക്കെതിരെ സൈബർ ആക്രമണം രൂക്ഷമാണ്.
വിവാദ രംഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടും എംപുരാന്‍ സിനിമയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍. പൃഥ്വിരാജിന് ഹിന്ദുവിരുദ്ധ നിലപാടാണെന്നും മോഹന്‍ലാല്‍ കഥ അറിഞ്ഞില്ലെന്ന വാദം വിശ്വസിക്കാനാവില്ലെന്നും ഓര്‍ഗനൈസറിലെ ലേഖനം പറയുന്നു. ചിത്രത്തിന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ആവശ്യവും ആര്‍.എസ്.എസ് മുഖപത്രം ഉയര്‍ത്തുന്നു.