ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ദിവസമാണ് മാര്‍ച്ച് 27. മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെയും പൃഥ്വിരാജിന്‍റെ സംവിധായക ജീവിതത്തിലെയും നാഴികകല്ലായ എമ്പുരാന്‍റെ റിലീസ് ദിവസമാണ് അന്ന്. ഇതിനിടെ സോഷ്യല്‍ മീഡിയയിലാകെ ഉയരുന്ന ചോദ്യമാണ് ലൂസിഫറില്‍ നിന്നും എമ്പുരാനിലേക്കുള്ള ദൂരം. എന്താണ് എമ്പുരാന്‍ എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ അത്തരം ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. രാജാവിന് മുകളില്‍ ദൈവത്തിന് താഴെ എന്നാണ് എമ്പുരാന്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൈവത്തിന് വേണ്ടി കാര്യങ്ങള്‍ നടത്തുന്ന വ്യക്തിയെ ആണ് ഈ വാക്കിലൂടെ ഉദ്ദേശിക്കുന്നത്. അതേ സമയം എംപയര്‍ ( ചക്രവര്‍ത്തി) തമ്പുരാന്‍ എന്നീ പദങ്ങളുടെ സംയോജനം കൂടിയായി ഈ വാക്ക് കാണുന്ന ആരാധകരുണ്ട്. സാമ്രാജ്യം ഭരിക്കുന്ന അധോലോക നായകനാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.
പൃഥ്വിരാജിന്‍റെ സംവിധാനമികവില്‍ 2019ൽ റിലീസ് ചെയ്ത ലൂസിഫര്‍ വമ്പന്‍ ഹിറ്റായതോടെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ രണ്ടാം ഭാഗമായ എമ്പുരാനായി കാത്തിരിക്കുന്നത്. ഓൺലൈൻ സൈറ്റുകളിൽ ഓൾ ഇന്ത്യ ബുക്കിങ് ആരംഭിച്ചതോടെ നിമിഷ നേരം കൊണ്ടുതന്നെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പല തിയറ്ററുകളിലും ഹൗസ് ഫുള്‍ ആയി. ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായി.
മുരളി ഗോപിയാണ് തിരക്കഥ. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.