Image Credit: Instagram
സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'. പൃഥ്വിരാജിന്‍റെ സംവിധാനമികവില്‍ ഇറങ്ങിയ ലൂസിഫര്‍ വമ്പന്‍ ഹിറ്റായതോടെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ രണ്ടാം ഭാഗമായ എമ്പുരാനായി കാത്തിരിക്കുന്നത്. എമ്പുരാന്റെ ട്രെയ്ലര് പുറത്തുവന്നതുമുതല്‍ വിഡിയോയിലെ ചുവന്ന ഡ്രാഗണ്‍ ചിഹ്നമുളള വസ്ത്രധാരിയായ വില്ലനെ തിരയുകയായിരുന്നു സോഷ്യല്‍ ലോകം. തല അജിത്ത് മുതല്‍ ഫഹദ് ഫാസിലിന്‍റെ പേര് വരെ സൈബറിടത്ത് ഉയര്‍ന്നുകേട്ടു. ഇപ്പോഴിതാ സിനിമാപ്രേമികളുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ‘എമ്പുരാനി’ൽ ഫഹദ് ഫാസിൽ ഇല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.
എമ്പുരാന്‍റെ പ്രമോഷനോടനുബന്ധിച്ച് പിങ്ക്‌വില്ല എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ചിത്രത്തിലില്ല എന്ന് പൃഥ്വിരാജ് തുറന്നുപറഞ്ഞത്. അപ്പോഴും ചുവന്ന ഡ്രാഗണ്‍ ചിഹ്നമുളള വസ്ത്രം ധരിച്ചുനില്‍ക്കുന്ന വില്ലനെക്കുറിച്ച് യാതൊരുവിധ സൂചനകളും പൃഥ്വിരാജ് പുറത്തുവിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ എമ്പുരാനിൽ ഫഹദ് ഫാസിൽ ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജിന്‍റെ മറുപടി ഇങ്ങനെ..'അതെ ഫഹദ് ഫാസൽ, ടോം ക്രൂസ്, റോബർട്ട് ഡി നീറോ തുടങ്ങിയവരെല്ലാം എമ്പുരാനിൽ ഉണ്ട്. തമാശ പറഞ്ഞതാണ് ഫഹദ് ഫാസിൽ ഈ സിനിമയിലില്ല, ടോം ക്രൂസും ഇല്ല. പക്ഷേ ഒരു കാര്യം പറയാതിരിക്കാനാകില്ല എമ്പുരാന്റെ കാസ്റ്റിങ് ആരംഭിച്ചപ്പോൾ എന്റെ മനസ്സിൽ ഒരു വിഷ് ലിസ്റ്റ് ഉണ്ടായിരുന്നു. അമേരിക്കന്‍ ഫിലിം ഇന്‍ഡസ്ട്രി, ബ്രിട്ടിഷ് ഫിലിം ഇന്‍ഡസ്ട്രി,ചൈനീസ് ഇൻഡസ്ട്രിയി എന്നിവിടുന്നുളള താരങ്ങളുടെ പേര് എന്‍റെ മനസിലുണ്ടായിരുന്നു'.
'ഞാൻ എമ്പുരാനായി ബന്ധപ്പെടാൻ ആഗ്രഹിച്ച 10 പേരിൽ ഒൻപത് പേരുമായും ഒരു സൂം കോളിൽ സംസാരിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചിരുന്നു. അവരിൽ പലരും എന്നെ ഞെട്ടിച്ചുകൊണ്ടാണ് മലയാള സിനിമയോടും പ്രത്യേകിച്ച് ലൂസിഫറിന്റെ രണ്ടാം ഭാഗത്തോടുമുള്ള തങ്ങളുടെ താല്പര്യം അറിയിച്ചത്.'- പൃഥ്വിരാജ് പറഞ്ഞു. അതേസമയം ചിത്രം മാര്‍ച്ച് 27ന് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യും. ഓണ്‍ലൈന്‍ ബുക്കിങ്ങിലും റെക്കോര്‍ഡ് കലക്ഷകനാണ് ചിത്രം നേടിയത്.