സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. ഒരു സിനിമ നിർമിക്കാൻ 100 കോടി ചെലവഴിച്ചിട്ട് അതിൽ 80 കോടിയും താരങ്ങളുടെ പ്രതിഫലം കൊടുത്ത് ബാക്കി 20 കോടിയിൽ സിനിമ നിർമിക്കുന്ന ആളല്ല താനെന്നും പൃഥ്വി പറഞ്ഞു. പിങ്ക്‌വില്ലയ്ക്കു നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പൃഥ്വിരാജിന്‍റെ വാക്കുകള്‍
‘മോഹൻലാൽ സർ ഈ സിനിമയ്ക്കായി ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അതുകൊണ്ടാണ് ഈ സിനിമ സാധ്യമായത്. ‘എമ്പുരാന്’ വേണ്ടി ചെലവ് ചെയ്യാൻ കഴിയുന്ന ഫണ്ട് അതിന്റെ നിർമാണത്തിന് വേണ്ടി തന്നെ ചെലവഴിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരു സിനിമ നിർമിക്കാൻ 100 കോടി ചെലവഴിച്ചിട്ട് അതിൽ 80 കോടിയും താരങ്ങളുടെ പ്രതിഫലം കൊടുത്ത് ബാക്കി 20 കോടിയിൽ സിനിമ നിർമിക്കുന്ന ആളല്ല ഞാൻ'.
'ഞങ്ങൾ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് ഞങ്ങൾക്കെല്ലാം പൂർണ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് എത്രത്തോളം മികച്ചതാക്കാൻ പറ്റും എന്നാണ് ഞങ്ങൾ ചിന്തിച്ചത്. വിദേശ അഭിനേതാക്കളായ ജെറോം ഫ്ലിൻ, ആൻഡ്രിയ തുടങ്ങിയവരും ഞങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ അന്തസത്ത മനസ്സിലാക്കിയിരുന്നു, അവരും ഒരു ‘ഉപകാരം’ എന്ന നിലയിലാണ് വന്നു അഭിനയിച്ചു പോയത്. ഇതുപോലെ തന്നെ മുൻപ് ഞാൻ നിർമിച്ച സിനിമയിൽ അഭിനയിച്ച നടൻ അക്ഷയ് കുമാറും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല. സിനിമ ലാഭമുണ്ടാക്കിയാൽ മാത്രമേ ഞാൻ എന്റെ പ്രതിഫലം എടുക്കൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ സിനിമ നന്നായി ഓടിയില്ല, അതുകൊണ്ട് അദ്ദേഹം പണമൊന്നും വാങ്ങിയതുമില്ല’.
പൃഥ്വിരാജിന്‍റെ സംവിധാനമികവില്‍ 2019ൽ റിലീസ് ചെയ്ത ലൂസിഫര്‍ വമ്പന്‍ ഹിറ്റായതോടെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ രണ്ടാം ഭാഗമായ എമ്പുരാനായി കാത്തിരിക്കുന്നത്. ഓൺലൈൻ സൈറ്റുകളിൽ ഓൾ ഇന്ത്യ ബുക്കിങ് ആരംഭിച്ചതോടെ നിമിഷ നേരം കൊണ്ടുതന്നെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പല തിയറ്ററുകളിലും ഹൗസ് ഫുള്‍ ആയി. ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായി.
മുരളി ഗോപിയാണ് തിരക്കഥ. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.