Image Credit: Instagram
മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രമാണ് ബസൂക്ക. തികച്ചും വ്യത്യസ്തമായ ലുക്കിലും മട്ടിലും ഭാവത്തിലും മമ്മൂക്കയെത്തുന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ഡീനോ ഡെന്നിസ്. ബസൂക്കയുടെ ട്രെയ്ലര് ഉടനെത്തും എന്ന സൂചനയാണ് ഡീനോ ഡെന്നിസ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇതുസംബന്ധിച്ച ചിത്രവും അടിക്കുറിപ്പും സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്.
'ട്രെയ്‌ലർ ഉടനെത്തും. സയീദ് അബ്ബാസ് അതിന്‍റെ ജോലിയിലാണ്' എന്ന അടിക്കുറിപ്പോടെയാണ് ഡീനോ ഡെന്നിസ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഡീനോയുടെ പോസ്റ്റില്‍ ബസൂക്കയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്ന സയീദ് അബ്ബാസിനെയും കാണാം. ബസൂക്കയുടെ ടീസര്‍ പുറത്തുവന്നതുമുതല്‍ ചിത്രത്തിന്‍റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഏപ്രില്‍ 10നാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 27ന് എമ്പുരാന്‍ തിയറ്ററിലെത്തുന്ന ദിവസം ബസൂക്കയുടെ ട്രെയ്ലറുമെത്തും എന്ന സൂചനയാണ് സംവിധായകന്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എമ്പുരാന് പിന്നാലെ ബസൂക്കയെത്തിയാല്‍ ബോക്സ് ഓഫീസ് കുലുങ്ങുമെന്നാണ് സോഷ്യല്‍ലോകം പറയുന്നു.
മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്‍റെ മകനാണ് സംവിധായകന്‍ ഡീനോ ഡെന്നിസ്. ബാബു ആന്‍റണി, നീത പിളള, സിദ്ധാർത്ഥ് ഭരതൻ, ദിവ്യാ പിള്ള, ഹക്കീം ഷാജഹാൻ, ഭാമ അരുൺ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ബസൂക്ക നിര്‍മിക്കുന്നത്.