കോവിഡ് കാലത്ത് ആദ്യം പൂട്ടുവീഴുകയും ഒടുവിലായി മാത്രം ലഭിച്ച ഇളവുകളില്‍ തിരിച്ചുവരികയും ചെയ്ത മലയാള സിനിമാവ്യവസായം അഞ്ചുവര്‍ഷത്തിനിപ്പുറവും നിലനില്‍പിനായുള്ള പോരാട്ടത്തിലാണ്. കോവിഡ് കാല ലോക്ക്ഡൗണില്‍ വിപ്ളവം സൃഷ്ടിച്ച ഒടിടിയുടെ സാധ്യതകള്‍ പരിമിതപ്പെട്ടതോടെ തിയറ്ററില്‍നിന്നേ സാമ്പത്തികനേട്ടമുണ്ടാക്കാന്‍ കഴിയൂവെന്ന പോതുബോധ്യത്തിലാണ് ചലച്ചിത്രപ്രവര്‍ത്തകര്‍.
2020 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ട്രാന്‍സിലെ ആ ഡയലോഗിന് അറംപറ്റിയതുപോലെയായി കോവിഡ് കാല സിനിമാവ്യവസായം. ശരിക്കും പണികിട്ടി. തിയറ്ററുകള്‍ പൂട്ടി.ഷൂട്ടിങ് നിലച്ചു. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ദിവസവേതനക്കാരുമായവര്‍വരെ വീട്ടില്‍കുത്തിയിരുന്നു. സര്‍വത്ര അനിശ്ചിതത്വം. പുതിയ സാധ്യതകള്‍ തുറന്നിട്ടത് ഒടിടിയായിരുന്നു.
അടച്ചിട്ട മുറികളില്‍ സിനിമ പുനരുജ്ജീവനം തേടി. ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ ചിത്രം സീ യു സൂണ്‍ പിറവി കൊണ്ടത് ഫോണില്‍. നല്ല തുക നല്‍കി ചിത്രം ഒടിടി നേടി. പക്ഷെ അതുമതിയാവുമായിരുന്നില്ല സിനിമാവ്യവസായത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പിന്. അദൃശ്യനായ രോഗാണുവിനെതിരെ കരുതലെടുത്ത് പിച്ചവച്ചു സിനിമാലോകം.
അങ്ങനെ പിറന്ന ദൃശ്യത്തിന് റെക്കോര്‍ഡ് തുകനല്‍കി ഒടിടി. ആ വഴിയില്‍ മിന്നല്‍മുരളി ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ ഒടിടിയില്‍ ബിസിനസ് നേടിയെങ്കിലും ആ കച്ചവടം നീണ്ടില്ല.