കോവിഡ് ലോക് ഡൗണിന്‍റെ ആഘാതം കൂടുതല്‍ ഏറ്റത് സമ്പദ് രംഗത്തായിരുന്നു. കോവിഡിന്‍റെ ആഘാതത്തില്‍ നിന്ന് പല മേഖലകളും കരകയറി വരുന്നതേയുള്ളു. പ്രതിസന്ധി കടുത്ത് വഴിമുട്ടിയപ്പോള്‍ ജീവിതം അവസാനിപ്പിച്ചവരും നിരവധി.
അടച്ചുപൂട്ടല്‍ നീണ്ടുപോയപ്പോള്‍ നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് കോട്ടയം പായിപ്പാട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇതര സംസ്ഥാനത്തൊഴിലാളികള്‍ സംഘംചേര്‍ന്ന് പ്രതിഷേധിച്ചു. ജോലിയില്ല, കൂലിയില്ല, നാളെയെന്തെന്ന് അറിയില്ല. ഇതായിരുന്നു എല്ലായിടത്തും അവസ്ഥ.
ലോക് ഡൗണില്‍ സംസ്ഥാനത്ത് 23 ശതമാനത്തിന് തോഴില്‍ പോയെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം പറയുന്നു. കണ്‍സ്ട്രക്ഷന്‍ രംഗത്തായിരുന്നു കൂടുതല്‍ പേര്‍ക്ക് പണി പോയത്. ടൂറിസം മേഖലയ്ക്ക് കേവലം നാലുമാസം കൊണ്ട് 15000 കോടി വരുമാനനഷ്ടമുണ്ടായി. ഒരു ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിപ്പോയെന്ന് വ്യാപാരികളുടെ സംഘടനയും കണക്കെടുത്തിട്ടുണ്ട്.
എന്നാല്‍ പ്രതിസന്ധിയുടെ ആ കാലം അവസരമാക്കിയവരുമുണ്ട്. എല്ലാം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ തൃശൂര്‍ സ്വദേശി ദീപക് രവീന്ദ്രനെ പോലെ ചില ചെറുപ്പക്കാര്‍ സംരംഭകരായി ഉയര്‍ന്നു വന്നു. ദീപക്കിന്‍റെ കിരാന പ്രോ ഒരു ക്വിക് കൊമേഴ്സ് സ്റ്റാര്‍ട് അപ് ആണ്. കിരാന പ്രോ വഴി പലചരക്കു കടയില്‍ നിന്ന് പത്തുമിനിറ്റു കൊണ്ട് സാധനം വീട്ടിലെത്തും. കോവിഡ് തളര്‍ത്തിയ മേഖലകള്‍ ഓരോന്നായി മടങ്ങി വരുമ്പോള്‍ വെളിച്ചമാകാന്‍ ദീപക്കിനെ പോലെ പലരുമുണ്ട്.