സ്പ്ലെൻഡര്‍ ബൈക്കില്‍ നൂറെ നൂറില്‍ കത്തിച്ച് വിടുന്ന സ്റ്റീഫനും സയ്ദ് മസൂദും, സൈബറിടത്ത് വൈറലാവുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തുടരും സിനിമയുടെ പോസ്റ്റര്‍ പശ്ചാത്തലത്തിലിറക്കിയ എമ്പുരാന്‍ പോസ്റ്റര്‍. ഹെല്‍മറ്റില്ലാതെ പായുന്ന ലാലേട്ടനും പൃഥ്വിയും, കുപ്പി വാങ്ങാന്‍ പോകുന്നതാണോ, ആന്റണി ഹെലികോപ്റ്റർ തന്നില്ലേ, എന്നിങ്ങനെ പോകുന്നു ചിത്രത്തിന്‍റെ കമന്‍റുകള്‍.
അതേ സമയം ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് എമ്പുരാനിലേതെന്ന് ഇതിനകം പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. മാര്‍ച്ച് 27നാണ് ആഗോള റിലീസായി എമ്പുരാൻ എത്തുന്നത്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്.
ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്‍റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. മാര്‍ച്ച് 27ന് രാവിലെ ആറ് മണി മുതല്‍ സിനിമയുടെ ആഗോള പ്രദര്‍ശനം ആരംഭിക്കും.