പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം എമ്പുരാന്‍ തിയേറ്ററിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇതിനിടെ എമ്പുരാന്‍ ടീം പുറത്തുവിട്ട പിന്‍തിരിഞ്ഞിരിക്കുന്ന വില്ലന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അതാരാണെന്ന നിഗമനങ്ങളാണ് സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. ഭൂരിഭാഗം പേരും ആമിര്‍ ഖാന്‍ എന്നാണ് പറയുന്നത്. ആ ചെവി കണ്ടാലറിയാം ആമിര്‍ തന്നെയെന്ന് ഉറപ്പിക്കുന്നവരാണ് അധികം പേരും.
അതേസമയം കൊറിയന്‍–അമേരിക്കന്‍ നടന്‍ റിക് യൂനെന്നാണ് ചിലരുടെ കണ്ടെത്തല്‍. എന്നാല്‍ ഇവരാരുമല്ല ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അനുജനായെത്തി തകര്‍ത്താടിയ ടോവിനോ തോമസ് ആണ് ഈ പിന്നാമ്പുറം തിരിഞ്ഞുനില്‍ക്കുന്ന വില്ലനെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. എന്നാല്‍ ഫഹദ് ഫാസിലെന്നും റിക്കി പോണ്ടിങ് എന്നും ഇന്ദ്രന്‍സ് എന്നും പറഞ്ഞ് ചര്‍ച്ചയെ ട്രോളുന്നവരുമുണ്ട്. എന്തായാലും ഇന്ത്യന്‍ ആക്ടര്‍ അല്ല എന്നുറപ്പിക്കുകയാണ് എമ്പുരാന്‍ ആരാധകര്‍.
സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും കിട്ടാത്തത്ര പ്രീ റിലീസ് ഹൈപ്പ് ആണ് എമ്പുരാന് ലഭിക്കുന്നത്. ഇന്ത്യന്‍ബുക്കിങ് പ്ലാറ്റ്ഫോമുകളില്‍ പല റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ചിത്രം ബോക്സ് ഓഫീസ് യാത്ര തുടങ്ങിയത്. വിദേശ മാര്‍ക്കറ്റുകളിലെ അഡ്വാന്‍സ് ബുക്കിങ്ങും അങ്ങേയറ്റം പ്രതീക്ഷാവഹമായിരുന്നു. ഹോംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ കര്‍ണാടക വിതരണം ഏറ്റെടുത്തിരിക്കുന്നത്. 198ല്‍ അധികം ഹൗസ്ഫുള്‍ ഷോകളാണ് ചിത്രത്തിനു കര്‍ണാടകയില്‍ ലഭിച്ചിരിക്കുന്നത്. 27ന് രാവിലെ ആറുമണിക്കാണ് എമ്പുരാന്റെ ആദ്യഷോ.