എമ്പുരാൻ തരംഗമായി മാറുമ്പോൾ പ്രേക്ഷകർ തിരയുന്നത് ആ വില്ലൻ ആരാണെന്നാണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുള്ള അണിയറക്കാരുടെ പോസ്റ്ററില്‍ ചുവന്ന ചൈനീസ് ഡ്രാഗണിന്റെ ചിത്രമുള്ള വ്യക്തി ആരാണ് എന്നായി ആദ്യ ചർച്ച.
ട്രെയിലർ ഇറങ്ങുമ്പോഴും ആ കഥാപാത്രത്തിന്റെ മുഖം മാത്രം കാണിക്കുന്നില്ല. എന്നാൽ ആ ചുവന്ന ഡ്രാഗൺ ചിഹ്നം അയാളുടെ വസ്ത്രത്തിനു പുറകിൽ കാണാം.സിനിമയിലെ പ്രധാന വില്ലൻ ഈ കഥാപാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസിലിന്റെ ലുക്ക് ഉണ്ടെന്നും വില്ലൻ ഫഹദ് തന്നെയാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ.
എന്നാല്‍ അത് അമീര്‍ഖാന്‍ തന്നെ എന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. മോഹന്‍ലാലിനൊപ്പം അമീര്‍ഖാന്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സൈബറിടത്തെ ചര്‍ച്ച. ബ്രേക്കിങ് ബാഡ് താരം ജോൻകാർലോ എസ്പൊസീറ്റോ ആണ് വില്ലനായി എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.