Image: Special arrangement
പൃഥ്വിരാജ് ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായി അറിയപ്പെടുമെന്ന് നടന്‍ മോഹന്‍ ലാല്‍. എമ്പുരാന്‍ സിനിമയുടെ ബെംഗളുരുവില്‍ നടന്ന പ്രോമോഷന്‍ പരിപാടിയിലായിരുന്നു പുകഴ്ത്തല്‍. ഇങ്ങനെയൊരു സിനിമയെ കുറിച്ചു ചിന്തിച്ചതില്‍, സംസാരിച്ചതില്‍, അതു സംവിധാനം ചെയ്തു പ്രാവര്‍ത്തികമാക്കിയതില്‍ നന്ദിയുണ്ട്, മോഹന്‍ലാല്‍ പറഞ്ഞു.
‘പൃഥ്വി ഇന്ത്യയിലെ എണ്ണം പറഞ്ഞ സംവിധായകനാവും’
‘എല്ലാ അഭിമാനത്തോടെയും സന്തോഷത്തോടെയും പറയട്ടെ, ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, പൃഥ്വിരാജ് നാളെ ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളെന്ന് അറിയപ്പെടും... ഉറപ്പ്, ഇക്കാര്യം ഇതിനകം തെളിയിച്ചതാണ്. പക്ഷേ ഞാന്‍ വിശ്വസിക്കുന്നു അടുത്ത സിനിമയാണ് അയാളുടെ മികച്ച സിനിമയെന്ന്. അതുകഴിയുമ്പോള്‍ അടുത്തത് അങ്ങനെ പോകും ആ നിര...’ ഇതായിരുന്നു ലാലിന്‍റെ വാക്കുകള്‍. നമുക്ക് ഒന്നിച്ചു നിന്നാല്‍ മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലാക്കി എമ്പുരാന്‍റെ റിലീസ് മാറ്റാം. ഒരുപാട് ആളുകള്‍ക്കു പുതിയ വാതിലുകള്‍ തുറന്നിടുന്നതാണ് ഈ സിനിമ. മൂന്നു സിനിമകളുള്ള ക്രോണോളജിയാണ് ആസൂത്രണം ചെയ്തത്. ലൂസിഫറിന്റെ വിജയം എമ്പുരാന് ഊജമായി. നാളത്തെ പ്രതികരണമാകും അടുത്ത സിനിമയിലേക്കെത്തിക്കുക. ലൂസിഫര്‍ അവസാനിച്ചത് എബ്രഹാം ഖുറേഷിയെ പരാമര്‍ശിച്ചാണ്. എബ്രഹാം ഖുറേഷിയെ കുറിച്ചുള്ളതാണ് എമ്പുരാനെന്നും സൂപ്പര്‍ സ്റ്റാര്‍ സൂചന നല്‍കി.
കന്നഡ സിനിമയുടെ കേരളത്തിലെ അംബാസിഡര്‍
ചടങ്ങില്‍ സംസാരിച്ച സംവിധാകന്‍ പൃഥ്വിരാജ് ബെംഗളുരുവില്‍ ആദ്യദിവസം ആയിരം ഷോകളെന്ന റെക്കോര്‍ഡ് നേടിയെന്ന് വെളിപ്പെടുത്തി.. കേരളത്തിനു പുറത്ത് ഇത്രയധികം ഷോകള്‍ ഐ.ടി നഗരത്തില്‍ മാത്രമാണ്. വിതരണക്കാരായ ഹോംബാലെ ഫിലിംസിന്‍റെ ശ്രമമാണ് ഈ നേട്ടത്തിനു പിന്നിലെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമ വിജയമായാല്‍ മലയാള ചലച്ചിത്രലോകത്ത് പലതിന്റെയും തുടക്കമാവുമിതെന്നും പൃഥ്വിരാജ് സൂചിപ്പിച്ചു. കേരളത്തില്‍ ഞാന്‍ അറിയപ്പെടുന്നത് കന്നഡ സിനിമയുടെ അംബാസിഡറെന്നാണ്. കാന്താര, കെ.ജി.എഫ്2, സലാര്‍, ചാര്‍ളി 777 സപ്ത സാഗര തുടങ്ങി സാന്‍ഡല്‍വുഡിലെ സമീപകാലത്തെ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളെല്ലാം കേരളത്തില്‍ വിതരണം നടത്തിയത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. മലയാളം സിനിമയെ നിങ്ങള്‍ക്ക് മുന്നിലെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും പൃഥ്വിരാജ് പറഞ്ഞു.
ക്യാംപസിനെ ഇളക്കി മറിച്ചു ലാലേട്ടനും കൂട്ടരും
ബെംഗളുരു നഗരത്തില്‍ നിന്നും അല്‍പം മാറിയുള്ള എസ്– വ്യാസ ഡീംഡ് യൂണിവേഴ്സിറ്റിലായിരുന്നു എമ്പുരാന്‍റെ പ്രമോഷന്‍ നിശ്ചയിച്ചിരുന്നത്. പത്തുമണിയുടെ പരിപാടിക്ക് എട്ടുമണിയോടെ വിവിധ കോളജുകളില്‍ നിന്നെത്തിയ കുട്ടികള്‍ സ്ഥലം പിടിച്ചു. രണ്ടുമണിക്കൂര്‍ വൈകിയാണ് പരിപാടി തുടങ്ങിയത്. അതുവരെ ക്ഷമയോടെ കനത്ത വെയിലിനെ അവഗണിച്ചു കുട്ടികളും ആരാധകരും കാത്തിരുന്നു. കാത്തിരുന്നവരോടെല്ലാം തീര്‍ത്താല്‍ തീരാത്ത നന്ദി പറഞ്ഞു ഈ സ്നേഹം നാളെയും വേണമെന്നഭ്യര്‍ഥിച്ചാണ് മോഹന്‍ലാലും മഞ്ജുവാര്യര്‍, പൃഥ്വിരാജ് ടോവിനോ തോമസ് തുടങ്ങിയ താരങ്ങളെല്ലാം മടങ്ങിയത്.