മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ട്രെയിലർ പുറത്ത്. മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്നാണ് ഈ ചിത്രത്തിൽ ഗൗതം മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 2025, ഏപ്രില്‍ 10നാണു ചിത്രത്തിന്റെ റിലീസ്.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലന്‍ ലുക്കും ഇതിന്റെ ഗംഭീര പോസ്റ്ററുകളും സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിരുന്നു. ടീസറിനും സാമൂഹികമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ട്രെയിലറിലും മാസ് ലുക്കിലാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകൾ തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.
ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്.