എമ്പുരാന്‍റെ വിജയമനുസരിച്ചാകും ചിത്രത്തിന്റെ മൂന്നാം ഭാഗം വരികയെന്ന് മോഹൻലാൽ. എമ്പുരാൻ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മോഹൻലാലിന്റെ പ്രതികരണം. അവസാന നിമിഷമുണ്ടായ പ്രതിസന്ധിയിൽ ചിത്രത്തിന്റെ മുഴുവൻ മാർക്കറ്റിങ് തന്ത്രങ്ങളും നടപ്പാക്കാനായില്ലെന്ന് സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് പ്രതികരിച്ചു.
തന്നെ വിശ്വാസത്തിൽ എടുത്തവർക്ക് നന്ദി പറഞ്ഞാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് എംബുരാനെ കുറിച്ച് സംസാരിച്ചത്. മലയാള സിനിമയ്ക്ക് പുതിയ വാതായാനങ്ങൾ തുറക്കാൻ ചിത്രം ഇടയാകട്ടെ. സിനിമയുടെ മാർക്കറ്റിങ് വിചാരിച്ച രീതിയിൽ നടപ്പാക്കാൻ കഴിയാത്ത കാരണങ്ങളും പൃഥ്വിരാജ് വിശദീകരിച്ചു.
ഒരു സിനിമയുടെ വിജയശേഷമാണ് സാധാരണ നന്ദി പറയുന്നതെങ്കിൽ എമ്പുരാനെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് നേരത്തെ നന്ദി പറയുകയാണെന്ന് മോഹൻലാൽ പറഞ്ഞു.ചിത്രത്തിന്റെ നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ നടന്മാരായ ടൊവീനൊ തോമസ്, ഇന്ദ്രജിത്ത്, മഞ്ജുവാരിയർ തുടങ്ങിയവരും കൊച്ചിയിലെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.