empuraan-rahul

‘എമ്പുരാന്‍’ റിലീസിനു തൊട്ടുപിന്നാലെ പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണം നടക്കുകയാണ്. സിനിമ ചര്‍ച്ച ചെയ്യുന്നത് ഗുജറാത്ത് കലാപമാണെന്നടക്കമുള്ള പരാമര്‍ശങ്ങളാണ് പലരും നടത്തുന്നത്. ‌ചിത്രം ബഹിഷ്കരിക്കണം എന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. 2002ൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ മുസ്ലീം വംശഹത്യയെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും സിനിമ വ്യക്തമായി കാണിച്ചുതരുന്നു എന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ ചിലത്. ഫാസിസം കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമ മറനീക്കി കൊണ്ടുവരുന്നതെന്നും ചിലര്‍ പറയുന്നുണ്ട്. 

ഇത്തരം പ്രതികരണങ്ങള്‍ എത്തിയതോടെ ചില സംഘപരിവാർ അനുകൂലികൾ എമ്പുരാൻ ടിക്കറ്റ് കാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവച്ചുകൊണ്ട് ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടന്മാർക്കെതിരെ അധിക്ഷേപങ്ങളും നടത്തുന്നുണ്ട്. അതിനിടെ വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തിന് പിന്തുണയുമായെത്തി. ‘എമ്പുരാൻ കണ്ടിട്ടില്ല. എങ്ങനെയുണ്ടെന്ന് അറിയുകയുമില്ല. എന്നാലും ചിലർക്കൊക്കെ പിടിച്ചിട്ടില്ലാന്ന് തോന്നുന്നു’ എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചത്.

‘ഇന്നത്തെ ഇന്ത്യയിൽ ഒരു ബിഗ് ബഡ്ജറ്റ് പടം സംഘപരിവാർ ഗുജറാത്തിൽ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിൽ അതിൽ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് പച്ചക്ക് പറയുന്നുണ്ടെങ്കിൽ അതിന് ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ’ എന്നായിരുന്നു ബിനീഷ് കോടിയേരി കുറിച്ചത്. പി.സി വിഷുനാഥ് അടക്കമുള്ള നേതാക്കളും തിയേറ്ററില്‍ നിന്നുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

രാഹുല്‍‌ മാങ്കൂട്ടത്തില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്. സംഘപരിവാറിന്‍റെ വിദ്വേഷത്തിന്‍റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന് നേർക്ക് തുപ്പേണ്ട എന്നാണ് രാഹുല്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിന്‍റെ പൂര്‍ണരൂപം;

ഇന്നലെ തന്നെ എമ്പുരാൻ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോൾ മലയാളി കൊട്ടും കുരവയുമായി ആർത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ലും അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്‍റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എംബുരാനിലൂടെ സേഫ് ലാന്‍റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാൻ ഇന്ത്യൻ സിനിമ തന്നെയാണ് എമ്പുരാൻ. മോഹൻലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കൾ വരെ തകർത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവർക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം. 

എന്നാൽ സിനിമയിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്‍റെ പേരിൽ മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ൻ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവർ തന്നെയാണ് എംമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. 

ബജറംഗിയെന്ന് പറഞ്ഞപ്പോൾ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങൾ. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ .

എന്തായാലും സംഘപരിവാറിന്‍റെ വിദ്വേഷത്തിന്‍റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന് നേർക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകൾ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലർത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകർന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്‍റെ തലപ്പൊക്കമുള്ള രണ്ടു ബ്രാൻഡുകളിൽ ഒന്നാണ് മോഹൻലാൽ , the Big M's. അതിനൊരു കോട്ടം വരുത്താനുള്ള കെല്പ്പൊന്നും ബജ്രംഗികൾക്ക്‌ വാളയാർ അതിർത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബർമതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതിൽ നിങ്ങൾ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് .... ആ അഴുക്കിന്റെ അഹങ്കാരത്തിൽ മോഹൻലാലിനും സിനിമക്കും നേരെ ചാടണ്ട

അത് കൊണ്ട് വിട്ടു പിടി ,

മോനെ അപ്പച്ചട്ടിയിൽ അരി വറക്കരുതെ....

തൊട്രാ പാക്കലാം

ENGLISH SUMMARY:

Following the release of ‘Empuraan’, Mohanlal and Prithviraj have become targets of widespread cyber attacks. Many online critics claim that the film references the Gujarat riots, leading to calls for a boycott from certain groups. Amid this controversy, Rahul Mankoottil’s post in support of the film has gained attention. He strongly criticized the hate campaign, stating, “The hatred manufactured in Sangh Parivar’s factory should not be spewed against Malayalam’s legendary actor, Mohanlal.”