Picture Credit @therealprithvi
എമ്പുരാന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെ സംവിധായകന്‍ പൃഥ്വിരാജും നടന്‍ ടോവിനോ തോമസും നടത്തിയ ഒരു സംഭാഷണ ശകലം സമൂഹമാധ്യമത്തില്‍ വൈറലായി. ട്രെയിലറിനിടെ ഒരു കുട്ടി ‘എമ്പുരാനേ...’ എന്ന് പാടിത്തുടങ്ങുമ്പോള്‍ പൃഥ്വിരാജ് അഭിമാനത്തോടെ ‘അത് എന്‍റെ മോളാണ്’ എന്നാണ് ടോവിനോയോട് പറഞ്ഞത്. അച്ഛന്‍റെ പടത്തില്‍ അലംകൃതയും പാടിയിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ സജീവമായെങ്കിലും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഈ വിശേഷം ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ആ സര്‍പ്രൈസ് ഇപ്പോള്‍ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ ദീപക് ദേവ് തന്നെ പൊട്ടിച്ചിരിക്കുകയാണ്.
ഇനി ഇത് ഒളിപ്പിച്ചുവയ്ക്കേണ്ട ആവശ്യമില്ല എന്നു പറഞ്ഞാണ് അദ്ദേഹം ഈ വിശേഷം പുറത്തുപറഞ്ഞത്. ആദ്യം മുതിര്‍ന്ന ഒരാള്‍ പാടുന്നതാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കുട്ടിയുടെ കരച്ചിലാണ് ബാക്ഗ്രൗണ്ടില്‍ പോകുന്നത്. അവിടെ കുട്ടിയുടെ ശബ്ദമാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടത് പൃഥ്വിരാജ് തന്നെയാണ്. ആദ്യം കുട്ടിയുടെ ശബ്ദത്തില്‍ നിന്ന് ആനന്ദ് ശ്രീരാജിന്‍റെ ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിലേക്ക് മാറുന്നത് നല്ലതായിരിക്കും എന്നു പറഞ്ഞു. എട്ട്– പത്ത് വയസ്സുള്ള കുട്ടിയെ കൊണ്ട് പാടിക്കാം എന്നായി. എന്‍റെ വീട്ടിലും ഇതേപ്രായത്തില്‍ ഒരാളുണ്ടല്ലോ എന്ന് പൃഥ്വി പറഞ്ഞു. പിന്നീടാണ് അലംകൃതയിലേക്ക് എത്തിയത് എന്നാണ് ദീപക് ദേവ് പറഞ്ഞത്.
‘ഇംഗ്ലീഷ് പാട്ടാണ് കേള്‍ക്കുന്നത്, എമ്പുരാനെ എന്നൊക്കെ പാടിവരുമ്പോള്‍ എന്താകും എന്ന് അറിയില്ല’ എന്നായിരുന്നു അലംകൃതയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് എന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു. അലംകൃതയെ കൊണ്ടുവന്ന് ഇമോഷന്‍സ് ഉള്‍പ്പെടെ ഒറ്റത്തവണ പറഞ്ഞുകൊടുത്തപ്പോള്‍ തന്നെ, അഞ്ചു മിനിറ്റിനകം കുട്ടി പാടി കഴിഞ്ഞു. പൃഥ്വി ഡയലോഗ് പഠിക്കുന്നത് പോലെ. ആ അച്ഛന്‍റെ മോളല്ലേ ഇത് എന്നും ദീപക്.
ചിത്രത്തില്‍ ഇന്ദ്രജിത്തിന്‍റെ മകള്‍ പ്രാര്‍ഥനയും പാടിയിട്ടുണ്ട്. എമ്പുരാന്‍റെ തീം സോങ് ആണ് പ്രാര്‍ഥന പാടിയിരിക്കുന്നത്. പാട്ട് എഴുതിയിരിക്കുന്നത് പൃഥ്വിരാജും. ആദ്യമായാണ് പൃഥ്വിരാജ് പാട്ടിന് വരികളെഴുതുന്നത് എന്ന പ്രത്യേകതയുമുണ്ട്. പാട്ടെഴുതി ആദ്യം പാടിയതും ദീപക് ദേവ് തന്നെയാണ്. അത് പെണ്‍ ശബ്ദത്തില്‍ വേണമെന്ന് പറഞ്ഞപ്പോള്‍ പ്രാര്‍ഥനയിലേക്ക് എത്തിച്ചേര്‍ന്നു എന്നാണ് ദീപക് പറഞ്ഞിരിക്കുന്നത്. ആ സമയത്ത് പ്രാര്‍ഥന നാട്ടിലുണ്ടായിരുന്നു. പാട്ട് പാടി കഴിഞ്ഞപ്പോള്‍ അത് പൃഥ്വിരാജിനും ഇഷ്ടമായി. പാട്ടിന്‍റെ വരികളെഴുതിയത് പൃഥ്വിരാജാണെന്ന് പ്രാര്‍ഥനും പിന്നീടാണ് അറിഞ്ഞത്.