എമ്പുരാന്‍ സിനിമയുടെ റിലീസിന് പിന്നാലെ വ്യാപക സൈബര്‍ ആക്രമണമാണ് മോഹന്‍ലാലും പൃഥ്വിരാജും നേരിടുന്നത്. സിനിമയിലെ പ്രമേയത്തില്‍ കടന്നുവരുന്ന സംഘപരിവാര്‍ വിമര്‍ശനമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍. മോഹന്‍ലാല്‍ സൈന്യത്തില്‍ തുടരാന്‍ ഇനി അര്‍ഹനല്ലെന്നാണ് രാമസിംഹന്‍ അഭിപ്രായപ്പെട്ടത്. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് രാമസിംഹൻ ഇത് കുറിച്ചത്.
2009ലാണ് ഇന്ത്യന്‍ സൈന്യം മോഹന്‍ലാലിന് ഓണററിയായി ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. പൃഥ്വിരാജിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. അതേ സമയം എമ്പുരാൻ സിനിമയുടെ സെൻസറിംഗുമായി ബന്ധപ്പെട്ട് ബിജെപിയിൽ വിവാദം. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്ന് ബിജെപി ആരോപിച്ചു. തപസ്യ ജനറൽ സെക്രട്ടറി ജി.എം. മഹേഷ് ഉൾപ്പെടെ നാല് പേർ സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ട്. ഇവർക്ക് വീഴ്ച പറ്റിയെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ സൂചിപ്പിച്ചു. എന്നാൽ ബിജെപി നോമിനികൾ സെൻസർ ബോർഡിൽ ഇല്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.