ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് നടി അമ്പിളി ഔസേപ്പ്. ചെറിയ പ്രായത്തിലെ നാടകത്തില്‍ അഭിനയിച്ച് അവിടെ നിന്നും സിനിമയിലേക്ക് എത്തിയ താരം തന്റെ ജീവിതത്തിലുണ്ടായ വേദനകള്‍ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍.
വീട്ടിലെ പ്രാരാബ്ദമാണ് തന്നെ അഭിനയത്തിലേക്ക് എത്തിച്ചതെന്നും. ഇപ്പോള്‍ മാനസിക വെല്ലുവിളി നേരിടുന്ന അനിയത്തിയെയും പ്രായമായ അമ്മയെയുമൊക്കെ നോക്കേണ്ട ഉത്തരവാദിത്തം തനിക്കാണെന്നും സൈബറിടത്ത് വൈറലായ അഭിമുഖത്തിലൂടെ അമ്പിളി വെളിപ്പെടുത്തുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി രണ്ട് മൂന്ന് സിനിമകളെ ചെയ്തിട്ടുള്ളു. ബാക്കിയൊക്കെ കഥാപാത്രങ്ങളായി ചെയ്യാന്‍ സാധിച്ചു. മമ്മൂക്കയുടെ കൂടെയും ലാലേട്ടന്റെ സിനിമയിലുമൊക്കെ ചെറുതാണെങ്കിലും തനിക്ക് വേഷം ലഭിച്ചു. അതിലൊക്കെ സന്തോഷമുണ്ടെന്നാണ് അമ്പിളി പറയുന്നത്.
‘എന്റെ അച്ഛനും അമ്മയും കൂലിപ്പണി ചെയ്യുന്നവരായിരുന്നു. എനിക്ക് താഴെ രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ട്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടിലെ സഹാചര്യം കൊണ്ടാണ് ഞാന്‍ നാടകത്തില്‍ അഭിനയിക്കാന്‍ പോയത്. അച്ഛന്‍ നാടകമെഴുതുമായിരുന്നു. ഇപ്പോള്‍ അദ്ദേഹമില്ല. നല്ലൊരു എഴുത്തുകാരനായിരുന്നു.
പ്ലസ്ടുവിന് ശേഷം പഠിക്കാന്‍ സാധിച്ചില്ല. അന്ന് പുസ്തകമൊന്നും വാങ്ങാന്‍ പൈസയില്ലായിരുന്നു. നീ വേറെ ആരുടെയെങ്കിലും നോക്കി പഠിക്കാനാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നെ പഠിത്തം നിര്‍ത്തിക്കോട്ടെ എന്ന് ചോദിച്ചു. അന്നത്തെ ബുദ്ധിയില്‍ അങ്ങനെയാണ് തോന്നിയത്. ആ സമയത്താണ് അവിടെ അടുത്തുള്ളവര്‍ നാടകം ചെയ്യുന്നത്. അവരുടെ നായികയായി എന്നെ വിളിച്ചു. പതിനെട്ട് വയസില്‍ വിവാഹം കഴിച്ചു. സിനിമയൊക്കെ കണ്ടിട്ട് കല്യാണം കഴിക്കാനൊക്കെ വലിയ ആഗ്രഹമായിരുന്നു. മോഹന്‍ലാലും ഉര്‍വശിയുമൊക്കെ ഊട്ടിയിലൂടെ കറങ്ങി നടക്കുന്നതൊക്കെയായിരുന്നു എന്റെ മനസില്‍. ഊട്ടിയില്‍ കൊണ്ട് പോകുമെന്ന് കരുതിയെങ്കില്‍ തൊട്ടടുത്ത വീട്ടിലേക്ക് പോലും കൊണ്ട് പോയിട്ടില്ല. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒതുങ്ങി ജീവിക്കുന്നവരായിരുന്നു. പുറത്ത് പോകാന്‍ പോലും സമ്മതിക്കില്ല. അഭിനയിക്കാന്‍ എന്തായാലും വിടില്ലെന്ന് എനിക്ക് തന്നെ അറിയാം. പിന്നീട് ഞാന്‍ വീടുകള്‍ തോറും സാധനങ്ങള്‍ കയറി ഇറങ്ങി വില്‍ക്കാനൊക്കെ പോയിട്ടുണ്ട്. ഇതിനിടയിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ സപ്ലെ ചെയ്യുന്ന ആളിലൂടെ സിനിമയിലേക്ക് എത്തുന്നത്. കിട്ടുന്ന ഏത് വേഷവും ചെയ്യരുതെന്ന് പിന്നീടാണ് മനസിലായത്. അന്ന് വരുമാനം മാത്രമാണ് ലക്ഷ്യം. കാരണം രണ്ട് കുടുംബത്തിന്റെ ഉത്തരവാദിത്തം എന്റെ തലയിലാണ്.എന്റെ കുട്ടികളുമായി ഒരു വീട്ടില്‍ ജീവിക്കുന്നതിനൊപ്പം അമ്മയും അനിയത്തിയും വേറൊരു വീട്ടിലുണ്ട്. അവരുടെ കാര്യവും ഞാനാണ് നോക്കുന്നത്. അനിയത്തി ഒരു മെന്റല്‍ രോഗിയാണ്. അവള്‍ തിരുവന്തപുരത്ത് ഊളമ്പാറ മെന്റല്‍ ഹോസ്പിറ്റലിലെ സെല്ലില്‍ കിടക്കുകയാണ്. അവള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കൊണ്ട് അവളുടെ കാര്യവും ഞാനാണ് നോക്കുന്നത്. അമ്മ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് സിനിമയില്‍ സെല്ക്ടീവായി ചെയ്യാന്‍ സാധിക്കാത്തത്’ അമ്പിളി പറയുന്നു.