Image Credit: x.com/i30199 (Left) | AP/Sakchai Lalit (Right)
മ്യാന്‍മറിലെയും ബാങ്കോക്കിലെയും ഭൂചലനത്തില്‍ മരണം ആയിരം കടക്കവേ നെഞ്ചുലയ്ക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് പുറത്തുവരുന്നത്. ഇനിയും കണ്ടെത്താത്ത ഉറ്റവരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുകൂട്ടം ആളുകളെയാണ് ദുരന്തമുഖത്ത് കാണാനാകുക. പലരും അതിഭീകരമായ അനുഭവ കഥകളാണ് മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നത്. അത്തരത്തില്‍ ഭൂചലനത്തിന്‍റെ അന്തരീക്ഷത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ തായ് യുവതിയുടെ അനുഭവമാണ് ഒരേ സമയം ഉള്ളുലയ്ക്കുന്നതും അതേസമയം ഒരു നിമിഷത്തേക്കെങ്കിലും വേദന മറക്കാന്‍ സഹായിക്കുന്നതും.
ഇന്നലെയാണ് ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാകുന്നത്. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയാണ് പ്രഭവകേന്ദ്രം. മ്യാന്‍മറിനെ കൂടാതെ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കും കുലുങ്ങി. കെട്ടിടങ്ങൾ ഉലഞ്ഞാടി. ഇതിനിടയിലാണ് തന്‍റെ പതിവു പരിശോധനയ്ക്കായി 36 കാരിയായ കാന്തോങ് സെൻമുവാങ്ഷിൻ ആശുപത്രിയിലെത്തുന്നത്. ഭൂചലനത്തിന് പിന്നാലെ യുവതിക്ക് പ്രസവവേദനയും ആരംഭിക്കുകയായിരുന്നു.
ആശുപത്രിയില്‍ നിന്നും രോഗികളെ സുരക്ഷിതരായി താഴത്തെ നിലയിലേക്കും കെട്ടിടങ്ങൾക്ക് പുറത്തേക്കും മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പ്രസവ വേദന അനുഭവപ്പെട്ടത്. ഈ സമയം യുവതിയെ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് പടികളിലൂടെ താഴേക്ക് കൊണ്ടുപോകുകയായിരുന്നു. ഒരു നിമിഷം താന്‍ ഈ പടികളില്‍ തന്നെ പ്രസവിക്കുമോ എന്ന് ഭയപ്പെട്ടതായി യുവതി പറഞ്ഞു. ‘നീ ഇപ്പോള്‍ പുറത്തുവരരുതെന്ന് ഞാന്‍ എന്‍റെ കുഞ്ഞിനോട് പറഞ്ഞു. വേദന ആരംഭിച്ചതോടെ എന്നെ ഒരു കിടക്കയിൽ കിടത്തി മെഡിക്കല്‍ സ്റ്റാഫുകള്‍ എന്‍റെ ചുറ്റുംകൂടി. അവിടെ വെച്ച് ഞാൻ പ്രസവിച്ചു, ഓര്‍ക്കുമ്പോള്‍ ഇപ്പോളും ഒരു ഞെട്ടലാണ്’ യുവതി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
പ്രസവ സമയത്ത് യുവതിയുടെ ഭർത്താവ് ജോലിസ്ഥലത്തായിരുന്നു. ഞെട്ടലും ഭയവും ഉണ്ടായെങ്കിലും തന്‍റെ കുഞ്ഞിന്‍റെ മുഖം കണ്ടപ്പോള്‍ ആശ്വാസം തോന്നിയെന്ന് യുവതി പറഞ്ഞു. ഈ സമയം ഭൂചലനവും നിലച്ചിരുന്നു. ‘മിങ്ക്’ എന്നാണ് യുവതിയും ഭര്‍ത്താവും കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.
അതേസമയം, മ്യാന്‍മറിലും ബാങ്കോക്കിലും ഭൂചലനത്തില്‍ മരണം 1002 കടന്നു. 1670 പേര്‍ക്ക് പരുക്കേറ്റെതായാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്‍മറില്‍മാത്രം 694 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ആറ് പ്രവിശ്യകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. ബാങ്കോക്കിലും മ്യാന്‍മറിലെ വിവിധയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാമത്തെ ഭൂചലനത്തിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായിരുന്നു. മ്യാന്‍മറിലെ പ്രശസ്ത ആശ്രമമായ മാ സോ യാനെ ഉള്‍പ്പടെ തകര്‍ന്നുവീണു. റോഡുകളും കെട്ടിടങ്ങളും നാമാവശേഷമായി. 90 വര്‍ഷം പഴക്കമുള്ള ഡാം പൊട്ടി, പാലങ്ങള്‍ തകര്‍ന്നു, പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ ഇല്ലാതെയായി എന്നും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു.