സമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു കൂലിവേലക്കാരന്‍റെ മനസ് എന്ന പേരില്‍ ഒരു കുറിപ്പ്. പിഎസ്‌സി പരീക്ഷയ്ക്കായി ഒരാള്‍ മകളുമായി പോകുമ്പോള്‍ വാഹനം കേടാകുകയും സഹായം ചോദിച്ചിട്ട് ലഭിക്കാതെ വരുകയും ചെയ്യുന്നു. ഇതോടെ വഴിയില്‍ കണ്ട പ്രസാദ് ഒന്നൊരാള്‍ ചേട്ടാ അതാണെന്റെ വണ്ടി എടുത്തോണ്ടു പോകൂ എന്ന് പറഞ്ഞ് ചാവി തന്നുവെന്നും, പരീക്ഷയ്ക്ക് സമയം ആയതിനാല്‍ മറ്റൊന്നും ചോദിക്കാതെ വാഹനം എടുത്ത് കൊണ്ട് പോയെന്നും പിന്നെ തിരികെ വരുമ്പോള്‍ അയാളോട് നന്ദി പറയാനായി ചെന്നപ്പോള്‍ ഒരു കുട്ടിയുടെ ഭാവിയല്ലെ,നമ്മളൊക്കെ മനുഷ്യരല്ലെ ചേട്ടാ എന്ന് പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു.
ഒരു പരിചയവുമില്ലാത്ത ഞങ്ങൾക്ക് ഞങ്ങളാവശ്യപ്പെടാതെ സ്വന്തം വാഹനം തന്ന് ഞങ്ങളുടെ ആവശ്യം നിറവേറ്റിയ നന്മ മനസെ നിനക്കൊരായിരം നന്ദി എന്ന് പറഞ്ഞാണ് പോസ്റ്റ് പ്രചരിക്കുന്നത്. വൈറല്‍ പോസ്റ്റിന്‍റെ ഉറവിടം ലഭ്യമല്ലാ.
കുറിപ്പ്
പ്രസാദ് എന്ന നന്മ മനസ്സ്
മകൾക്കൊരു PSC ടെസ്റ്റ് ഉണ്ടായിരുന്നു. (വീട്ടിൽ നിന്നും 30 കിലോമീറ്റർ അകലെയുളള കല്ലറ, മിതിർമ്മല GHSസ്കൂൾ) ഞങ്ങൾ 11.30 ന് വീട്ടിൽ നിന്നും തിരിച്ചു. പോകുന്ന വഴിയിൽ ചാറ്റൽ മഴ കാരണം പലയിടത്തും നിർത്തി നിർത്തിയാണ് പോകേണ്ടി വന്നത്. ഉച്ചയ്ക് 1.15 ന് ഫസ്റ്റ് ബെല്ലടിക്കുന്നതിന് മുൻപ് സെന്ററിൽ എത്തുകയും വേണം. അങ്ങനെ പൊയ്ക്കൊണ്ടിരിന്ന വഴിയിൽ വച്ച് വണ്ടി ഓഫായി നിന്നു. എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ടാകുന്നില്ല.
അപ്പോൾ സമയം 12.55 അവിടെ നിന്നും പത്തുകിലോമീറ്റർ കൂടി പോകണം സെന്ററിലെത്താൻ.
ഞങ്ങൾ ആകെ വിഷമത്തിലായി. അവിടെ നിന്നവരോട് PSCപരീക്ഷയ്ക്ക് പോകാനാണ് ഒരു വണ്ടി വിളിച്ചു തരാമോ എന്നാരാഞ്ഞു. എവിടെ നോ രക്ഷ. കുറച്ചു നടന്നാൽ ഒട്ടോ സ്റ്റാന്റാണ് അവിടെ ഓട്ടോ കാണും എന്നൊരാൾ പറഞ്ഞു. ഞങ്ങൾ നടക്കാൻ തുടങ്ങി .
കുറച്ചു നടന്നപ്പോൾ ഞങ്ങൾ പറയുന്നതെല്ലാം കേട്ടു നിന്നൊരാൾ പുറകിൽ നിന്നും കൈകൊട്ടി വിളിച്ചു.
തിരിച്ചു നടന്നദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോൾ ഒരു ചാവി എന്റെ മുന്നിലേക്ക് നീട്ടിചൂണ്ടിക്കാണിച്ചിട്ടയാൾ പറഞ്ഞു അതാണെന്റെ വണ്ടി എടുത്തോണ്ടു പോകൂ .അപ്പോഴുണ്ടായ സന്തോഷം .ഞാൻ മറ്റൊന്നും ചോദിക്കാനോ പറയാനോ നിന്നില്ല. വണ്ടിയുമെടുത്ത് മകളെ 1.15 ന് സെന്ററിന് മുന്നിലെ ഗേറ്റ് നടയിൽ എത്തിച്ചു.
മകൾ ചിരിച്ചു കൊണ്ടകത്തേക്ക് പോയി.ഞാൻ തിരികെ വണ്ടിയുമായി അദ്ദേഹത്തിന്റെ അടുത്തേയ്ക്കും.
ഞാനടുത്തെത്തുമ്പോഴും അയാൾ അയാളുടെ പണിയിൽ വ്യാപൃതനാണ്.
ഞാൻ താങ്ക്സ് പറഞ്ഞപ്പോൾ ......."വേണ്ട ചേട്ട നമ്മളൊക്കെ മനുഷ്യരല്ലെ !
PSC പരീക്ഷ ഒരു കുട്ടിയുടെ ഭാവിയല്ലെ !"
പേര് : S. പ്രസാദ്
ജോലി : കൂലിവേല .
ഒരു പരിചയവുമില്ലാത്ത ഞങ്ങൾക്ക് ഞങ്ങളാവശ്യപ്പെടാതെ സ്വന്തം വാഹനം തന്ന് ഞങ്ങളുടെ ആവശ്യം നിറവേറ്റിയ നന്മ മനസ്സേ നിനക്കൊരായിരം നന്ദി...