abin-varkey-empuraan

എമ്പുരാന്‍ വിവാദത്തില്‍ മോഹന്‍ലാലിന്‍റെ ഖേദപ്രകടനത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. സംഘപരിവാറുകാരന്റെ തീട്ടൂരത്തിന് മുന്നിൽ 'സ്വയം' പണയം വച്ച ' സേവകൻ' ആയി മോഹൻലാൽ മാറിയതിൽ തനിക്ക് അതിശയമില്ലെന്നും ഈ വയസാൻകാലത്ത് ഈ.ഡി റെയ്‌ഡ്‌ നടത്തി ജയിലിൽ കിടക്കണോ അതോ സിനിമയിലെ സീൻ കട്ട് ചെയ്യണോ എന്ന് ഒരു ചോദ്യം ഉയർന്നാൽ മറ്റൊന്നും ആലോചിക്കാൻ പറ്റിയെന്ന് വരില്ലെന്നും അബിന്‍ പറഞ്ഞു.  " ഒരു മര്യാദയൊക്കെ വേണ്ടേ ലാലേട്ടാ"എന്ന ലൂസിഫര്‍ സിനിമയിലെ പഞ്ച് ഡയലോഗും ഫേസ്​ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. 

ഫേസ്​ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ലാലേട്ടാ, 'എടോ മാമച്ചായാ' എന്ന് വിളിച്ച് നിങ്ങൾ പറയുന്ന പ്രജ സിനിമയിലെ പഞ്ച് ഡയലോഗുകൾ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ദിനപത്രത്തിന്റെ മേധാവികൾക്കെതിരെ ആയിരുന്നു എന്നുള്ളത് നാട്ടുകാർക്ക് മുഴുവൻ മനസ്സിലായപ്പോഴും നിങ്ങൾ ഖേദം പ്രകടിപ്പിച്ച് ഞങ്ങൾ ആരും കണ്ടിട്ടില്ല. കേരളത്തിലെ തന്നെ രണ്ട് പ്രമുഖരായ കമ്മ്യൂണിസ്റ്റ് വ്യക്തിത്വങ്ങളുടെ കഥ പറയുന്ന സിനിമയിൽ നിങ്ങൾ കിടിലൻ ഡയലോഗുകൾ അടിച്ചപ്പോഴും അത് അവരുടെ കുടുംബത്തിന് വേദനിക്കുന്നത് കൊണ്ട് നിങ്ങളാരും ഖേദം പ്രകടിപ്പിച്ച് ഞങ്ങൾ ആരും കണ്ടില്ല. കെ കരുണാകരനെയും, പത്മജ വേണുഗോപാലിനെയും, കെഎം മാണിയെയും ഒക്കെ ആക്ഷേപഹാസ്യങ്ങളുടെ തഗ് ഡയലോഗുകളിലൂടെ നിങ്ങൾ ആടിതിമിർത്തപ്പോൾ നിങ്ങളോട് മാപ്പ് പറയണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. 

പക്ഷെ എമ്പുരാൻ സിനിമയിൽ ലോകം മുഴുവൻ കണ്ട് നടന്ന ഒരു സംഭവം ചിത്രീകരിച്ചതിന്റെ പേരിൽ ' എന്നെ സ്നേഹിക്കുന്നവർക്ക് വിഷമം ഉണ്ടായി' എന്ന് 'വിഷമിച്ച്' സംഘപരിവാറുകാരന്റെ തീട്ടൂരത്തിന് മുന്നിൽ 'സ്വയം' പണയം വച്ച ' സേവകൻ' ആയി മോഹൻലാൽ മാറിയതിൽ എനിക്ക് അതിശയമില്ല. കാരണം ഈ വയസാൻകാലത്ത് ഈ.ഡി റെയ്‌ഡ്‌ നടത്തി ജയിലിൽ കിടക്കണോ അതോ സിനിമയിലെ സീൻ കട്ട് ചെയ്യണോ എന്ന് ഒരു ചോദ്യം ഉയർന്നാൽ കോടി കണക്കിന് രൂപയുടെ ബിസിനസ്‌ നടത്തുന്ന മോഹൻലാലിനും, ആന്റണി പെരുമ്പാവൂരിനും, ഗോകുലം ഗോപാലൻ ചേട്ടനും ഒക്കെ മറ്റൊന്നും ആലോചിക്കാൻ പറ്റിയന്ന് വരില്ല. അതുതന്നെയാണ് സമകാലീന ഇന്ത്യയുടെ രാഷ്ട്രീയം വ്യക്തമാക്കുന്നതും. 

ഇനി അതല്ല മോഹൻലാലിനും അണിയറ പ്രവർത്തകർക്കും യഥാർത്ഥത്തിൽ തോന്നിയ വിഷമമാണെങ്കിൽ സംഘപരിവാറുകാരന്റെ സെലക്ടീവ്‌ വിഷമങ്ങൾ മാത്രമല്ല നിങ്ങൾ കാണേണ്ടത്. ഈ രാജ്യത്ത് പ്രവർത്തിക്കുന്ന ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെയാണ് നിങ്ങൾ എമ്പുരാൻ സിനിമയുടെ പ്രധാന പ്ലോട്ട് ആയി അവതരിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ കൊടിയും, ശൈലിയും മുദ്രാവാക്യവും, പാർട്ടി ഓഫീസും വേഷവിധാനങ്ങളും തൊട്ട് ആ കഥ നിങ്ങൾ നയിക്കുന്നത് തന്നെ കോൺഗ്രസ് രാഷ്ട്രീയത്തിലൂടെയാണ്. കമ്മ്യൂണിസ്റ്റുകാർക്കെതിരായ ആക്ഷേപവും ഉണ്ട്. അങ്ങനെയെങ്കിൽ അതും നിങ്ങൾ കട്ട് ചെയ്തു നീക്കി മാതൃക കാണിക്കണ്ടേ? 

കട്ട് ചെയ്തു നീക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയില്ല കാരണം ഈ രാജ്യത്തെ യോജിപ്പും, വിയോജിപ്പും ഒക്കെ ഒരു സിനിമയിൽ കഥയായി വേണമെന്ന് വിശ്വസിക്കുന്ന പൊതുപ്രവർത്തകനാണ് ഞാൻ. പ്രതിഷേധങ്ങളുടെ ശബ്ദം പോലും കലാസൃഷ്ടിയായി മാറിയ ലോകമാണ് നമ്മുടേത്.  പക്ഷേ.. "ഒരു മര്യാദയൊക്കെ വേണ്ടേ ലാലേട്ടാ"എന്ന്, ഒരു മോഹൻലാൽ ആരാധകൻ.

ENGLISH SUMMARY:

Youth Congress leader Abin Varkey criticized Mohanlal's apology regarding the Empuraan controversy. He remarked that he was not surprised to see Mohanlal become a 'servant' who placed himself as collateral before the Sangh Parivar’s pressure. Abin further stated that at this stage of life, if Mohanlal had to choose between facing an ED raid and imprisonment or having a scene cut from his film, there would be no other option to consider.