സീരിയൽ രംഗത്തും സിനിമയിലും ഒരുപോലെ മികവ് കാട്ടിയിട്ടുള്ള താരമാണ് മഞ്ജു പത്രോസ്. ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം താരത്തിന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. വിവിധ ചാനലുകളിലെ നിരവധി പരിപാടികളിലെ പ്രധാന കഥാപാത്രമായി മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ താന്‍ നേരത്തെ വ്ലോഗ് ചെയ്തുകൊണ്ടിരുന്ന സിമി സാബുവുമായുള്ള ബന്ധത്തെ സോഷ്യൽ മീഡിയ വളച്ചൊടിച്ചതിനെ കുറിച്ച് മഞ്ജു മനസ് തുറക്കുകയാണ്. മുൻപൊക്കെ ഒരു ആണും പെണ്ണും സംസാരിച്ചാൽ ആയിരുന്നു പ്രശ്നം. എന്നാൽ ഇന്ന് ഒരു പെണ്ണും പെണ്ണും സംസാരിച്ചാൽ അവിടെ വിഷയങ്ങൾ ആണ്. അവർ തമ്മിൽ എന്താണ് എന്നാണ് പലർക്കും അറിയേണ്ടത്. ഒരു നല്ല സൗഹൃദത്തെ ഒക്കെ ആളുകൾ എന്തൊക്കെ രീതിയിലേക്ക് ആണ് മാറ്റുന്നത് എന്ന് ഓർക്കുമ്പോൾ ആണ് അതിശയമെന്ന് മഞ്ജു പറയുന്നു.
‘ലെസ്ബിയൻ ആണോ എന്നാണ് എന്നെയും സിമിയെയും ഒരുമിച്ചു കാണുമ്പോള്‍ എല്ലാവരും ചോദിക്കുന്നത്. സന്തോഷത്തോടെ പോകുന്ന ഒരു സൗഹൃദത്തെ പോലും അങ്ങനെ കാണാൻ ആകാത്ത സമൂഹത്തിലേക്ക് നമ്മൾ അധപതിച്ചു പോയി. രണ്ടു കുടുംബങ്ങൾ ഉള്ള സ്ത്രീകൾക്ക് സന്തോഷിച്ചൂടെ. നമ്മൾ ഇവിടെ ഇരുന്നോണം. പക്ഷേ അങ്ങനെ ഇരിക്കൻ ഞാൻ റെഡിയല്ല. സിമി ആണെങ്കിലും ഷൂട്ട് ഉണ്ടെങ്കിൽ അവൾ അവളുടെ എല്ലാ കാര്യങ്ങളും ചെയ്തു തീർന്നിട്ടാണ് ഇറങ്ങുന്നത്. അങ്ങനെയുള്ള ഞങ്ങൾ സന്തോഷിക്കുമ്പോൾ ലെസ്ബിയൻസ് എന്ന് കമന്റുകൾ; ഇപ്പോൾ ഞങ്ങൾ തന്നെ പറയും ലെസ്ബിയൻസ് രണ്ടുപേരാണ് എന്ന്. ലെസ്ബിയൻസ് ആണെന്ന് പറഞ്ഞു എന്തിന് കളിയാക്കണം, അവർക്ക് അങ്ങനെ ജീവിക്കാൻ ആണ് ഇഷ്ടം എങ്കിൽ അങ്ങനെ ജീവിക്കട്ടെ അത് അവരുടെ സ്വാതന്ത്ര്യം ആണ്. അതിലേക്ക് കണ്ണും നട്ട് എന്തിനു നോക്കി ഇരിക്കണം.
നാളെ നമ്മുടെ കുട്ടികൾ എന്തായി തീരും എന്ന് നമുക്ക് പറയാൻ ആകുമോ. ഞാൻ എന്റെ മോനോട് പറഞ്ഞിട്ടുണ്ട്. നിനക്ക് എന്തെങ്കിലും സംശയമോ, കാര്യങ്ങളോ വന്നാൽ അമ്മയോട് നീ പറയണം എന്ന്.നീ അതേകുറിച്ച് ഓർത്ത് ടെൻഷൻ അടിക്കരുത്. ഞാൻ ഹെൽപ്പ് ചെയ്യാം എന്ന് മോനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു സമയത്ത് ഒരു കൂട്ടുകാരനുമായുള്ള അടുപ്പം കണ്ട് ഇനി ഇവൻ ഗേ ആകുമോ എന്നോർത്ത് ഞാൻ ചോദിച്ചിട്ടുണ്ട്. എന്റെ മോനെ അംഗീകരിക്കാതിരിക്കാൻ എനിക്ക് ആകില്ലല്ലോ. ഞാൻ അവനോട് ഇത് ചോദിച്ചതും അവൻ ഒരു ചിരി തുടങ്ങി. അവൻ അപ്പോൾ തന്നെ അവന്റെ കൂട്ടുകാരനോടും ഇത് വിളിച്ചു പറഞ്ഞു. അതൊന്നും ഒരിക്കലും തെറ്റല്ല. ഒരു ജനിതകമാറ്റം ആണ്. അതൊരിക്കലും വൈകല്യം അല്ല. രോഗവും അല്ല. അതിനെ ആ രീതിയിൽ കണ്ടാൽ പോരെ’ മഞ്ജു പറയുന്നു.