imam-muhsin-hendricks-the-first-openly-gay-imam-was-fatally-shot-in-qheberha

TOPICS COVERED

സ്വവര്‍ഗാനുരാഗം പരസ്യപ്പെടുത്തിയ ലോകത്തിലെ ആദ്യ ഇമാം മുഹ്സിന്‍ ഹെന്‍ഡ്രിക്സ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ നഗരമായ ഖെബേഹയില്‍ വെച്ചാണ് മുഹ്സിന് വെടിയേറ്റത്. 

ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുകയായിരുന്നു മുഹ്സിന്‍ ഹെന്‍ഡ്രിക്. കാറിന്‍റെ പിന്‍ സീറ്റില്‍ ഇരുന്നിരുന്ന മുഹ്സിനെ ലക്ഷ്യമിട്ട് മുഖം മറച്ചെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ ഉടന്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഈര്‍ജിതമാക്കി.

സ്വവര്‍ഗാനുരാഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആളാണ് മുഹ്സിന്‍ ഹെന്‍ഡ്രിക്.ക്വീര്‍ സമൂഹത്തിന്റെ സ്വന്തം ഇമാം എന്നറിയപ്പെട്ടിരുന്ന മുഹ്സിന്‍ എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലിങ്ങളുടെയും സുരക്ഷ മുന്‍ നിര്‍ത്തി ഒരു പ്രാര്‍ഥനാലയത്തിനും സംഘടനയ്ക്കും രൂപം നല്‍കിയിരുന്നു. ഹിന്ദുമത വിശ്വാസിയായ പുരുഷനാണ് മുഹ്സിന്‍ ഹെന്‍ഡ്രിക്‌സിന്റെ ജീവിത പങ്കാളി. പതിനൊന്ന് വര്‍ഷമായി ഇവര്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേപ് ടൗണിലാണ് ജനിച്ച മുഹ്സിന്‍ പാകിസ്താനിലെ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി.1991 ല്‍ കേപ് ടൗണ്‍ സ്വദേശിയായ ഒരു സ്ത്രീയെ വിവാഹം ചെയ്തു.ആ ബന്ധത്തില്‍ രണ്ട് മക്കളുണ്ടായി.1996ല്‍ അദ്ദേഹം വിവാഹമോചിതനായി.

തൊട്ടടുത്ത വര്‍ഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വരുകയായിരുന്നു. സ്വത്വം വെളിപ്പെടുത്തിയതോടെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും കടുത്ത ഭീഷണിയും ഒറ്റപ്പെടുത്തലും നേരിട്ടു. എന്നാല്‍ മുഹ്സിന്‍ തന്‍റെ ‍ഐഡന്‍റിറ്റിയില്‍ തന്നെ ഉറച്ചുനിന്നു.പോരാടി. പിന്നീടങ്ങോട്ട് എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിക്കായി നിലകൊണ്ടു.ഒട്ടേറെ സ്വവര്‍ഗാനുരാഗ വിവാഹങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിലുള്ള ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ആന്‍ഡ് ഇന്റര്‍സെക്സ് സംഘടനകള്‍ ഇമാമിന്റെ കൊലപാതകത്തെ അപലപിച്ചു.

ENGLISH SUMMARY:

Imam Muhsin Hendricks, the first openly gay imam, was fatally shot in Qheberha, South Africa. He was returning from a wedding ceremony when two masked assailants targeted him in the back seat of his car. The attackers fled the scene, and police have initiated an investigation.