വിവാദങ്ങള്‍ക്കിടെ എമ്പുരാനെപ്പറ്റി മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റുമായി നടന്‍ മോഹന്‍ലാല്‍. ഇന്ത്യയ്ക്ക് പുറത്ത് എമ്പുരാന്‍ ഇതുവരെ നേടിയത് 85 കോടിയിലേറെ രൂപയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. വിവാദം പുകയുമ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് എമ്പുരാന്‍. 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു. മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്.
17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തുമാണ് ഇനി സിനിമ തിയേറ്ററുകളിലെത്തുക. ഇനി കാണാന്‍ പോകുന്നത് എംപുരാനല്ലെന്നും വെറും 'എംബാം'പുരാൻ ആണെന്നും പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്തെത്തി. ഉദരനിമിത്തം, ബഹുകൃതവേഷം. ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല, കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ– കെ. സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം, മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന ചിത്രമാണ് എമ്പുരാനെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സിനിമക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികൾ മാത്രമല്ല, ബിജെപിയുടേയും ആർ എസ് എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ഈ സമ്മർദ്ദത്തിൽ പെട്ട് സിനിമയുടെ റീസെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു എന്ന വാർത്തകൾ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല.
ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകൾ നിർമ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'എമ്പുരാൻ' വിവാദം കത്തിപ്പടരുന്നതിനിടെ, രൂക്ഷ വിമര്‍ശനവുമായി മല്ലിക സുകുമാരന്‍ രംഗത്തെത്തി. മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാനില്‍ ഇല്ലെന്നും, തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയില്ലെന്നും മല്ലിക സുകുമാരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്.....പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും?
മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു.."ഞാൻ തിരക്കിൽ ആണ് അമ്മേ... ലാലേട്ടൻ വന്നിട്ടുണ്ട്. ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചർച്ച ചെയ്യണം" എന്നാണ് അവൻ പറഞ്ഞത്. ഇവർ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാൻ എന്ന സിനിമയിൽ ഇല്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല. തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല.– മല്ലിക വിശദീകരിക്കുന്നു.