mohanlal-prithviraj-5
  • മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍.എസ്.എസ് മുഖപത്രം
  • ‘മോഹന്‍ലാല്‍ എമ്പുരാന്റെ കഥ മുന്‍കൂട്ടി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാവില്ല’
  • ‘തിരക്കഥ വായിക്കാതെ മോഹന്‍ലാല്‍ അഭിനയിക്കുമെന്നത് അവിശ്വസനീയം’

വിവാദ രംഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടും എംപുരാന്‍ സിനിമയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍. പൃഥ്വിരാജിന് ഹിന്ദുവിരുദ്ധ നിലപാടാണെന്നും മോഹന്‍ലാല്‍ കഥ അറിഞ്ഞില്ലെന്ന വാദം വിശ്വസിക്കാനാവില്ലെന്നും ഓര്‍ഗനൈസറിലെ ലേഖനം പറയുന്നു. ചിത്രത്തിന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ആവശ്യവും ആര്‍.എസ്.എസ് മുഖപത്രം ഉയര്‍ത്തുന്നു

പൃഥ്വിരാജിനും മോഹന്‍ ലാലിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഓര്‍ഗനൈസര്‍ നടത്തിയിരിക്കുന്നത്. വസ്തുതകളെ വളച്ചൊടിക്കാനും ഇസ്‌ലാമിക ഭീകരവാദത്തെ വെള്ളപൂശാനുമാണ് എംപുരാ‍ന്‍ ശ്രമിക്കുന്നത്.  പൃഥ്വിരാജിന്‍റെ സിനിമകളില്‍ തുടര്‍ച്ചയായി രാജ്യവിരുദ്ധ നിലപാടുകള്‍ കടന്നുവരുന്നത് ആശങ്കപ്പെടുത്തുന്നു. കഥാപാത്രത്തിന്‍റെ പേര് ലഷ്കറെ തയിബ ഭീകരന്‍റെ പേരിനോട് സമാനമായത് യാദൃശ്ചികമല്ല.  രാഷ്ട്രീയ നേതൃത്വങ്ങള്‍ വിദേശ ശക്തികളുടെ കയ്യിലെ കളിപ്പാവയാണെന്ന് തോന്നിപ്പിക്കാനാണ് ലൂസിഫറും എംപുരാനും ശ്രമിക്കുന്നത്. 

യുവാക്കള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ നേട്ടം രാജ്യവിരുദ്ധ ശക്തികള്‍ക്കാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു. മോഹന്‍ലാലും ഗോകുലം ഗോപാലനും സിനിമയുടെ കഥ അറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാനാവില്ല. തിരക്കഥ മുഴുവന്‍ വായിക്കാതെ മോഹന്‍ ലാല്‍ അഭിനയിക്കും എന്നത് അവിശ്വസനീയമാണ്. സിനിമയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. നിര്‍മാതാക്കളില്‍ ഒരാള്‍ എന്തുകൊണ്ട് പിന്‍മാറിയെന്ന് വ്യക്തമാക്കണമെന്നും ഓര്‍ഗനൈസര്‍ ആവശ്യപ്പെട്ടു.

അതേസമയം, എമ്പുരാന്‍ സിനിമാ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. സിനിമയിലെ രാഷ്ട്രീയ–സാമൂഹിക പ്രമേയം ചിലര്‍ക്ക് വിഷമമുണ്ടാക്കിയതായി അറിഞ്ഞു. സിനിമ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തന്‍റെ കടമയാണ്. പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ഥമായ ഖേദമുണ്ട്. വിവാദ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത് ഒരുമിച്ചാണെന്നും മോഹന്‍ലാല്‍ ഫെയ്സ്ബുക് പോസ്റ്റില്‍ അറിയിച്ചു. മോഹന്‍ലാലിന്റെ പോസ്റ്റ്  പൃഥ്വിരാജ് ഷെയര്‍ ചെയ്തു. 

രാഷ്ട്രീയവും ആവിഷ്കാരസ്വാതന്ത്ര്യവും ചര്‍ച്ചയോടുചര്‍ച്ചയാക്കി എമ്പുരാന്‍ സിനിമ. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം പങ്കാളികളാകുകയാണ് ചര്‍ച്ചകളില്‍. നിര്‍മാതാതാക്കള്‍ സ്വയം കട്ടിന് തയാറായതും സിനിമയെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വെള്ളിവെളിച്ചത്തില്‍ നിര്‍ത്തുന്നു. Also Read: ആ സീനുകള്‍ നിര്‍ബന്ധമായും നീക്കം ചെയ്യും; വേദനിപ്പിച്ചതില്‍ ഖേദം; മോഹന്‍ലാല്‍...


അടുത്തകാലത്തൊന്നും  ഇതുപോലൊരു താരവാണിജ്യ ചിത്രം  രാഷ്ട്രീയ സംവാദങ്ങള്‍ക്ക് കാരണമായിട്ടില്ല.  ഇന്നലെ സിനിമകണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന്  എഫ് ബിയില്‍ കുറിച്ചു. 'സിനിമയ്ക്കെതിരെയുള്ളത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനംമാണ് കലയെ നിരോധിക്കാനുള്ള ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്‍റെ പുത്തന്‍ പ്രകടനം. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി

ഭീഷണിപ്പെടുത്തിയും അവഹേളിച്ചുംഒരുകലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ എഫ്.ബിയില്‍ കുറിച്ചു. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. സംഘപരിവാറിന് ചരിത്രത്തെക്കുറിച്ച് കാര്യമായ അറിവില്ല.മാത്രമല്ല ചരിത്രത്തത്തെവളച്ചൊടിച്ചാണ് ശീലം. ആവിഷ്കാര സ്വാതന്ത്ര്യമെന്നാല്‍ തങ്ങള്‍ക്കനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘപരിവാര്‍ കരുതുന്നതെന്നും സതീശന്‍ . സിനിമയെക്കുറിച്ചുള്ള മുന്‍ നിലപാടില്‍ മാറ്റം വരുത്തുന്നില്ലെന്നങ്കിലും  ചിത്രം ചരിത്രം വളച്ചൊടിക്കുന്നതായി   ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍   രാജീവ് ചന്ദ്രശേഖര്‍

ഈ സിനിമ കാണില്ലെന്ന് അദ്ദേഹം എഫ്.ബിയില്‍ കുറിച്ചു. ലൂസിഫര്‍ ഇഷ്ടപ്പെട്ടതിനാല്‍ അതിന്‍റെ തുടര്‍ച്ച കാണുമെന്ന് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ നിരാശനെന്നുംഅദ്ദേഹം പറഞ്ഞു.  

എമ്പുരാന്‍ വിവാദത്തില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത് ഭീഷണിമൂലമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ജനാധിപത്യനിഷേധത്തിന്‍റെ രൂക്ഷമായ ഭാവമാണിതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു 

ENGLISH SUMMARY:

RSS mouthpiece organizer again attacks Mohanlal and Prithviraj in Empuran controversy. It is not believed that Mohanlal did not know the story of Empuran in advance. The argument that the scriptwriter and producer did not know that the story was edited cannot be accepted. It is unbelievable that Mohanlal would act without reading the script, the organizer said. Prithviraj has an anti-Hindu stance. The organizer said that the film whitewashes Islamic terrorism.