dijo-jose-prithviraj

എമ്പുരാന്‍ വിവാദങ്ങള്‍ പുകയവേ പൃഥ്വിരാജിന് പിന്തുണയുമായി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സംവിധായകന്‍ ഡിജോ ജോസ് ആന്‍റണിയും. 'അന്നും ഇന്നും എന്നും പൃഥ്വിരാജ് സുകുമാരന്‍' എന്നാണ് ഷാരിസ് മുഹമ്മദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഡിജോ ജോസ് ആന്‍റണിയും ആ പോസ്റ്റ് സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.

ഷാരിസിന്‍റെ പോസ്റ്റിന് കീഴില്‍ വന്ന് ജന ഗണ മന രണ്ടാം ഭാഗം ഇനി എന്നാണ് വരിക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഷാരിസിന്‍റെ തിരക്കഥയില്‍ ഡിജോ സംവിധാനം ചെയ്​ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങളായെത്തിയ ജന ഗണ മന രാജ്യതലത്തില്‍ തന്നെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രമായിരുന്നു. ഉന്നാവോ പീഡനക്കേസ്, രോഹിത് വെമുല, ഗുജറാത്ത് ഐപിഎസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ട് എന്നിങ്ങനെ നിരവധി റിയല്‍ ലൈഫ് റഫറന്‍സുകള്‍ ഉള്‍ക്കൊള്ളിച്ച ജന ഗണ മന പറഞ്ഞ രാഷ്​ട്രീയം വലിയ തരത്തില്‍ ചര്‍ച്ചയായിരുന്നു. 

അതേസമയം എമ്പുരാനെതിരായ വിവാദങ്ങള്‍ കടുത്തതോടെ ചില ഭാഗങ്ങള്‍ നീക്കാന്‍ നിര്‍മാതാക്കള്‍ തന്നെ തീരുമാനിച്ചിരുന്നു. വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. വിവാദ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത് ഒരുമിച്ചാണെന്നും മോഹന്‍ലാല്‍ ഫെയ്സ്ബുക് പോസ്റ്റില്‍ അറിയിച്ചു. മോഹന്‍ലാലിന്റെ പോസ്റ്റ് പൃഥ്വിരാജും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും ഷെയര്‍ ചെയ്യുകയും ചെയ്​തു.

അതിനിടെ, വിവാദഭാഗങ്ങൾ നീക്കം ചെയ്ത എമ്പുരാൻ നാളെ (ചൊവ്വാഴ്ച )പ്രദർശനത്തിന് എത്തിയേക്കും. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള  മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉൾപ്പെടെ പൂർത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്റംഗിയുടെ പേര് ബൽരാജ് എന്ന് തിരുത്തിയേക്കും. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻസർ ബോർഡ് ഇടപെടൽ ഉണ്ടായെങ്കിലും പിന്നീടുള്ള ചർച്ചയിൽ നിർണായകദൃശ്യങ്ങൾ  മാത്രം ഒഴിവാക്കാർ തീരുമാനമാകുകയായിരുന്നു. 

ENGLISH SUMMARY:

As controversies surrounding Empuraan intensify, screenwriter Shariss Mohammed and director Dijo Jose Antony have extended their support to Prithviraj. Shariss Mohammed expressed his backing on Instagram, stating, "Then, now, and always, Prithviraj Sukumaran." Dijo Jose Antony also shared the post as his story.