എമ്പുരാന്‍ സിനിമയുടെ പേരില്‍ തന്‍റെ ഉറ്റ സുഹൃത്തായ മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടപ്പോഴാണ് താൻ ലൈവിൽ പ്രതികരണവുമായി വന്നതെന്ന് മേജർ രവി. ഗുജറാത്ത് കലാപം സിനിമയിൽ കാണിച്ചപ്പോൾ അതിനു കാരണമായ ഗോധ്ര ട്രെയിൻ തീവയ്പ് കൂടി കാണിച്ചിരുന്നെങ്കിൽ ഇപ്പോഴുണ്ടായ വിവാദം ഉണ്ടാകില്ലായിരുന്നു എന്നും മേജർ രവി പ്രതികരിച്ചു.
പൃഥ്വിരാജിനെ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മല്ലിക സുകുമാരൻ അങ്ങനെ പറഞ്ഞത് അമ്മയുടെ വികാരമായിട്ടേ കാണുന്നുള്ളൂ എന്നും മേജർ രവി പറഞ്ഞു.‘ പടം തുടങ്ങുന്നത് ഗുജറാത്തിലെ ഒരു മതവിഭാഗം മറ്റൊരു മതവിഭാഗത്തെ അകാരണമായി ആക്രമിക്കുന്ന രംഗങ്ങളിലൂടെയാണ്. നേരെ മറിച്ച് ഗോധ്രയിൽ ട്രെയിൻ കത്തുന്നിടത്തു നിന്നു തുടങ്ങിയെങ്കിൽ കുഴപ്പമില്ലായിരുന്നു. ട്രെയിൻ കത്തുന്നത് കാണിച്ചിട്ടുണ്ട്, പക്ഷേ മൊണ്ടാഷ് പോലെ ആണ് കാണിച്ചിരിക്കുന്നത്. അതും സിനിമയുടെ ടൈറ്റിൽ കാർഡിൽ. ആ സംഭവത്തിന്‍റെ പ്രതികാരമാണ് പിന്നെയുള്ള സീനിൽ വരുന്നതെന്ന് കാണിക്കുന്നെങ്കിൽ അത് കൃത്യമായി കാണിക്കണ്ടേ. പ്രേക്ഷകന് ഒരു രീതിയിലും ഈ രണ്ട് സംഭവങ്ങളെയും ബന്ധിപ്പിക്കാൻ ആകുന്നില്ല. അതിന്‍റെ ഉത്തരവാദിത്വം സംവിധായകനും തിരക്കഥാകൃത്തിനുമുണ്ട്’
അതേ സമയം സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മോഹൻലാൽ ആരാധകക്കൂട്ടായ്മ. പൃഥ്വിരാജിനെ ആദ്യം അഭിനന്ദിച്ച മേജർ രവി ഓന്തിനെ നാണിപ്പിക്കും വിധമാണ് പിറ്റേദിവസം നിറം മാറി വന്നതെന്ന് ഓൾ കേരളാ മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. എല്ലാ ഭാഗത്ത് നിന്നും സമ്മർദത്തിൽ നിൽക്കുന്ന അണിയറ പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ ആണെന്ന് തെറ്റായ ധാരണകൾ ഉണ്ടാക്കാനും ഇയാൾക്ക് കഴിഞ്ഞു. ഇയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികൾ ആണ് കേരളത്തിലെ ജനങ്ങൾ എന്ന് കരുതുന്നില്ല. ഇതുപോലെ സ്വര്‍ഥലാഭം ലക്ഷ്യം വച്ച് കൂടെ നിൽക്കുന്ന സുഹൃത്തുക്കളുടെ സ്വരം ലാലേട്ടൻ്റെ സ്വരമായി കണക്കാക്കാതിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.