സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ. പൃഥ്വിരാജിനെ ആദ്യം അഭിനന്ദിച്ച മേജർ രവി ഓന്തിനെ നാണിപ്പിക്കുംവിധമാണ് പിറ്റേദിവസം നിറം മാറി വന്നതെന്ന് ഓൾ കേരളാ മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. എല്ലാ ഭാഗത്ത് നിന്നും സമ്മർദ്ദത്തിൽ നിൽക്കുന്ന അണിയറ പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ ആണെന്ന് തെറ്റായ ധാരണകൾ ഉണ്ടാക്കാനും ഇയാൾക്ക് കഴിഞ്ഞു. ഇയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികൾ ആണ് കേരളത്തിലെ ജനങ്ങൾ എന്ന് വിശ്വസിക്കുന്നില്ല. ഇതുപോലെ ഉള്ള സ്വലാഭം ലക്ഷ്യം വച്ച് കൂടെ നിൽക്കുന്ന സുഹൃത്തുക്കളുടെ സ്വരം ലാലേട്ടന്‍റെ സ്വരമായി കണക്കാക്കാതിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഘടന പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം
നമസ്കാരം, ഏറെ കാലത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരശീലയിലേക്ക് എത്തിയ ചിത്രമാണ് L2E: എമ്പുരാൻ... ചിത്രം റിലീസ് ചെയ്തത് മുതൽ വിവാദങ്ങൾക്കും തിരി കൊളുത്തി.മലയാളക്കര ഇന്ന് വരെ കാണാത്ത രീതിയിൽ ചിത്രം തരംഗം സൃഷ്ടിച്ച സമയത്ത് രാപകൽ സിനിമക്ക് ഒപ്പം നിന്ന ഫാൻസ് അടക്കം ഉള്ള സിനിമാ പ്രവർത്തകർക്കും സിനിമ സ്നേഹികൾക്കും പ്രഹരം എന്ന രീതിയിലാണ് ലാലേട്ടൻ്റെ സിനിമകൾ എടുത്ത 'രവി' എന്ന സംവിധായകൻ്റെ ലൈവ് ഷോ വരുന്നത്.
Empuraan സിനിമ അണിയറപ്രവർത്തകർക്കും ഫാൻസുകാർക്കും ഒപ്പം കണ്ട ശേഷം ലോകോത്തര നിലവാരം ഉള്ള സിനിമാ ആണ് എന്നും സംവിധായകൻ പൃഥ്വിരാജിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു ചാനലിൽ റിവ്യൂ പറഞ്ഞ അദ്ദേഹം പിറ്റെ ദിവസം ഓന്തിനെയൂം നാണിപ്പിക്കുന്ന വിധത്തിൽ നിറം മാറി വന്ന് സിനിമയെയും സംവിധായകനെയും വിമർശിച്ചതും വെറും പബ്ലിസിറ്റിക്ക് വേണ്ടി ആണെന്ന് നമ്മൾ മറക്കരുത്. കൂടാതെ എല്ലാ ഭാഗത്ത് നിന്നും പ്രഷറിൽ നിൽക്കുന്ന അണിയറ പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ ആണെന്ന് തെറ്റായ ധാരണകൾ ഉണ്ടാക്കാനും ഇയാൾക്ക് കഴിഞ്ഞു. ഇയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികൾ ആണ് കേരളത്തിലെ ജനങ്ങൾ എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല.
പക്ഷേ ഇയാളുടെ സ്വന്തം താൽപര്യം ലാലേട്ടന്‍റെ താൽപര്യമെന്ന് പറഞ്ഞു നടക്കുന്ന മാധ്യമങ്ങൾ ഒന്ന് മനസ്സിലാക്കുക, ലാലേട്ടൻ സുഹൃത്തുക്കളെ അത്രമേൽ സ്നേഹിക്കുന്നുണ്ട്, അതിനാൽ അവരാൽ അദ്ദേഹത്തിൻ്റെ ദേഹത്ത് തെറിക്കുന്ന ചെളികൾ അദ്ദേഹം കണ്ടില്ല എന്ന് വെക്കാറാണ് പതിവ്...നല്ല സൗഹൃദങ്ങൾ നമുക്ക് നന്മകൾ കൊണ്ടു വരും മറിച്ചായാൽ അതാകും ലോകത്തെ ഏറ്റവും വലിയ അപകടങ്ങളിൽ നമ്മളെ എത്തിക്കുക... മോഹൻലാൽ എന്ന ഒരു വ്യക്തിക്ക് ഒരു അഭിപ്രായം പറയാൻ ഉണ്ടെങ്കിൽ അത് പറയുക തന്നെ ചെയ്യും, അതിനു സിനിമയിൽ എന്നപോലെ ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ?