തന്‍റേടത്തോടെ എമ്പുരാന്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച പൃഥ്വിരാജിനും കൂട്ടര്‍ക്കും അഭിവാദ്യമെന്ന് മന്ത്രി സജി ചെറിയാന്‍. ചിലഭാഗങ്ങള്‍ മുറിച്ചുകളഞ്ഞാലും എല്ലാവരും കാണേണ്ട സിനിമയാണിത്. ഇതില്‍ എല്ലാവരെയും വിമര്‍ശിക്കുന്നുണ്ട്. മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത് വ്യക്തിപരമായി കണ്ടാല്‍ മതി. ചിലഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ട കാര്യമില്ല. നമ്മളെല്ലാം ഒന്നാണ് എന്ന ആശയമാണ് സിനിമയില്‍ പ്രകടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാവിലെ കൈരളി തീയേറ്ററിലെത്തിയാണ് മന്ത്രി സിനിമകണ്ടത്.
അതേസമയം,എമ്പൂരാനു നേരെ സംഘപരിവാര്‍ കടന്നാക്രമണം നടത്തുന്നുവെന്ന് എം.എ ബേബി. ചിത്രം ചരിത്രത്തോട് നീതിപുലര്‍ത്തുന്നു. അതിനെ അഭിനന്ദിക്കുന്നുവെന്നും എം.എ ബേബി.
സിനിമ എടുക്കുന്നവരെ രാജ്യദ്രോഹി ആക്കുക എന്ന പ്രവണത ശരിയല്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എതിർപ്പ് ഉയരുമ്പോൾ, സ്വയം എഡിറ്റ് ചെയ്യാം എന്ന് പറയുന്ന സാഹചര്യം ഉരുത്തിരിയുന്നു. സിനിമയ്‌ക്കൊപ്പം നിൽക്കുക എന്ന സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും പി.രാജീവ് കൊച്ചിയിൽ പറഞ്ഞു.
അതേസമയം ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവഗണിച്ച മുരളി ഗോപി ഈ വിഷയത്തിൽ പ്രതികരണത്തിനില്ലെന്ന് മനോരമ ന്യൂസിനോട് പറഞ്ഞു. അതിനിടെ ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജെന്ന് ആരോപിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ നിലപാട് കടുപ്പിച്ചു.