എമ്പുരാന്‍ റിലീസിന് ശേഷം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി തിരക്കഥാകൃത്ത് മുരളി ഗോപി. 'എല്ലാവര്‍ക്കും ഈദ് ആശംസകള്‍' എന്നാണ് മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ താരത്തിന് അഭിനന്ദന പ്രവാഹമാണ്.
'ഈദ് മുബാറക് പണയം വെക്കാത്ത നിലപാടിന്', 'വെറുപ്പിന്‍റെ ആശയത്തെ സിനിമയിലും സിനിമയിലൂടെ പുറത്തും ലോകത്തിന് കാട്ടിയ ധീരതയ്ക്ക് നന്ദി..', 'വെറും....സിനിമയിൽ മാത്രം അല്ലാത്ത...ഒറിജിനൽ ഹീറോ', 'മാപ്പ് ജയൻ പറയില്ല. ..., നട്ടെല്ല് ഉള്ള ഒരുത്തൻ എങ്കിലും ഉണ്ടല്ലോ സംഘികൾക്ക് മുന്നിൽ കുനിയാത്ത ഒരുത്തൻ', 'ആ നിലപാടിന് ഒരു വലിയ നന്ദി' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. മുരളി ഗോപി കഥയെഴുതിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ ഡയലോഗായ 'മാപ്പ് ജയൻ പറയൂല്ല... അഴിയെങ്കി അഴി... കയറെങ്കി കയർ' എന്ന ഡയലോഗും നിരവധി പേര്‍ കമന്‍റില്‍ പങ്കുവക്കുന്നുണ്ട്.
എമ്പുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയതും പൃഥ്വിരാജ് അത് പങ്കുവച്ചതിനുമിടയിലും മാപ്പ് പറയാന്‍ തയാറാവാത്ത മുരളി ഗോപിയുടെ നിലപാട് ചര്‍ച്ചയായിരുന്നു. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും ആന്‍റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും മുരളി അവഗണിച്ചു.
അതിനിടെ, വിവാദഭാഗങ്ങൾ നീക്കം ചെയ്ത എമ്പുരാൻ നാളെ (ചൊവ്വാഴ്ച )പ്രദർശനത്തിന് എത്തിയേക്കും. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉൾപ്പെടെ പൂർത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്റംഗിയുടെ പേര് ബൽരാജ് എന്ന് തിരുത്തിയേക്കും. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻസർ ബോർഡ് ഇടപെടൽ ഉണ്ടായെങ്കിലും പിന്നീടുള്ള ചർച്ചയിൽ നിർണായകദൃശ്യങ്ങൾ മാത്രം ഒഴിവാക്കാർ തീരുമാനമാകുകയായിരുന്നു.