എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ മുരളി ഗോപിയുടെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. മെർസൽ സിനിമ വിവാദത്തിന് പിന്നാലെ മുരളി ഗോപി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റെയും മൗലികാവകാശമാണെന്നും ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറമുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും മുരളി ഗോപി ഈ പോസ്റ്റിൽ പറയുന്നു. മെർസൽ എന്ന ഹാഷ്ടാഗിനൊപ്പമാണ് മുരളി ഗോപി ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്
മുരളി ഗോപിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റെയും മൗലികാവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവർ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടർക്ക് പൊതുവായി ഒരു പേര് നൽകാമെങ്കിൽ ആ പേരാണ് “ഫാസിസ്റ്റ്”. ഇവർ നടത്തുന്ന വിധ്വംസക പ്രവർത്തനമാണ് “ഫാസിസം”. അത് മേൽപ്പറഞ്ഞ ഒരു നിറത്തിന്റെയും കുത്തകയും അല്ല.
അതേസമയം എമ്പുരാന്‍ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുരളി ഗോപി പരസ്യപ്രതികരണത്തിന് തയ്യാറാവാത്തത് ചര്‍ച്ചയായിരുന്നു.