ആദായനികുതി വകുപ്പിന്‍റെ നോട്ടീസ് പരസ്യമായതിന് പിന്നാലെ പൃഥ്വിരാജിന്‍റെ ഔദ്യോഗിക ടീമായ പൊഫാകിറ്റോയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുഷ്ടി ചുരുട്ടി കൈ ഉയര്‍ത്തി നില്‍ക്കുന്ന പൃഥ്വിരാജിന്‍റെ പിറകില്‍ നിന്നുള്ള ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രമാണ് ഈ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ഒരു റാപ്പ് സോങ്ങും പങ്കുവെച്ചിട്ടുണ്ട്. 

പറയാൻ പോകുന്നതു ഒരു രാജാവിന്‍റെ കഥ, ഈ ഭൂമിയെ സ്വന്തമാക്കിയ ഒരു നായകന്‍റെ വീരഗാഥ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. നിലവിലെ സാമൂഹിക പശ്ചാത്തലങ്ങളും എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയുണ്ടായ പ്രശ്നങ്ങളുമൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

താണ്ടുവാൻ എറെയുണ്ട് മുള്ളുകൾ നിറഞ്ഞ വീഥി..  ലോകം എനിക്ക് നൽകുന്നതിൽ എന്ത് കാവ്യ നീതി.. ആള്‍ക്കൂട്ടത്തിൽ ഒരുവൻ സ്നേഹം കിട്ടാ സഹജീവി എന്നാണ് ഗാനത്തിലെ ആദ്യവരികള്‍. ഈ രണഭൂവില്‍ നിന്‍റെ നേരെ അമ്പെയ്തു വിട്ട പുച്ഛ മുഖങ്ങളിൽ ഒന്നും പോലും മറക്കേണ്ട എന്നും ഗാനത്തില്‍ പറയുന്നുണ്ട്. ഫെജോ, ഫോക്ക് ഗ്രാഫര്‍ തുടങ്ങിയ റാപ്പര്‍മാര്‍ തന്നെ പോസ്റ്റിന് കമന്‍റുമായി എത്തി. പൃഥ്വിരാജാവെന്നും നിർത്താതെ പതറാതെ പോരാടിയെന്നുമൊക്കെയാണ് കമന്‍റുകളില്‍ ആരാധകര്‍ പറയുന്നത്. 

2022 ഡിസംബറില്‍ നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കിയത്. അക്കാലത്തെ സിനിമകളുടെ പ്രതിഫലവിവരങ്ങള്‍ ഹാജരാക്കാനാണ് നിര്‍ദേശം. കഴിഞ്ഞമാസമാണ് നോട്ടിസയച്ചതെന്നും എമ്പുരാന്‍ ഇഫക്ടല്ലെന്നുമാണ് ആദായനികുതി വകുപ്പിന്‍റെ വിശദീകരണം. ആന്‍റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവരുടെ സ്ഥാപനങ്ങളും പരിശോധിച്ചിരുന്നു.