പലരും വന്നു പോയി, ഇന്നും തിളങ്ങി പ്രേം നസീർ. നിത്യഹരിത പ്രണയനായകന്‍ പ്രേം നസീറിന് ഇന്ന് 99അം ജന്മദിനം. 38 വർഷത്തെ അഭിനയജീവിതത്തിൽ 781 സിനിമകളിൽ നായകനായി നസീർ.
മലയാള സിനിമയിലേക്ക് കടന്നു വന്ന ചിറയിന്‍കീഴ് അബ്ദുല്‍ ഖാദറിനെ പ്രേം നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമ്പോള്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അറിഞ്ഞിരുന്നില്ല താന്‍ തിരുത്തുന്നത് മലയാള സിനിമാ ചരിത്രത്തെയാണെന്ന്. 1952ല്‍ പുറത്തിറങ്ങിയ ‘വിശപ്പിന്റെ വിളി’ എന്ന ചിത്രം അദ്ദേഹത്തെ താരപ്പകിട്ടിലേയ്ക്കുയര്‍ത്തി. അഭ്രപാളിയില്‍ അന്നുവരെ കണ്ടിട്ടില്ലായിരുന്ന അഭിനയശൈലിയും സൗന്ദര്യവും പ്രേംനസീറിനെ ജനപ്രിയനാക്കി. അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമയ്ക്ക് പ്രേം നസീർ സമ്മാനിച്ച യുവത്വത്തിന്റെ പ്രസരിപ്പ് വർണനകൾക്കും അതീതമാണ്.
നായകനായത് എഴുന്നൂറോളം സിനിമകളില്‍. മിസ് കുമാരി മുതല്‍ അംബിക വരെ എണ്‍പതിലധികം നായികമാര്‍. ഷീലക്കൊപ്പം മാത്രം നൂറ്റിമുപ്പതോളം സിനിമകള്‍. രണ്ടു ഗിന്നസ് റെക്കോഡുകളും മലയാളത്തിന്റെ നിത്യവസന്തത്തെ തേടിയെത്തി. അഭിനയകലയോടൊപ്പം സാഹിത്യത്തിലും സംഗീതത്തിലും അതീവതല്‍ പരനായിരുന്നു പ്രേം നസീർ. 1983 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കാലങ്ങൾക്കിപ്പറവും മലയാളികളുടെ നിത്യഹരിത നായകൻ, കാലഘട്ടത്തിന്റെ പ്രതീകമായി നസീര്‍ ഇന്നും മലയാളിയുടെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നു.