akshay-kumar-charls

TOPICS COVERED

തന്‍റെ പുതിയ ചിത്രം കേസരി ചാപ്​റ്റര്‍ 2 ബ്രിട്ടീഷ് രാജാവ് ചാള്‍സ് കാണണമെന്ന അഭ്യര്‍ഥനയുമായി നടന്‍ അക്ഷയ് കുമാര്‍. ഈ ചിത്രം കണ്ടതിനുശേഷം അവര്‍ തെറ്റ് തിരിച്ചറിയണമെന്നും ക്ഷമാപണം തീര്‍ച്ചയായും സംഭവിക്കുമെന്നും കേസരിയുടെ പ്രസ് മീറ്റില്‍ അക്ഷയ് പറഞ്ഞു. 

'എന്‍റെ മുത്തച്ഛന്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ദൃക്‌സാക്ഷിയാണ്. അദ്ദേഹം എന്‍റെ അച്ഛനോടും അച്ഛന്‍ എന്നോടും സംഭവത്തിന്‍റെ കഥകള്‍ പറഞ്ഞുതന്നിട്ടുണ്ട്. ഞാന്‍ കുട്ടിക്കാലം തൊട്ട് കൂട്ടക്കൊലയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, അതിനാല്‍ ചിത്രം എനിക്ക് ഒരുപാട് വിശേഷപ്പെട്ടതാണ്. സംഭവം എന്‍റെ മനസ്സില്‍ പതിഞ്ഞുകിടപ്പുണ്ട്. നാം ശരിക്കുമെന്താണോ അറിയേണ്ടത്, അത് ചരിത്രം പഠിപ്പിക്കുന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നകാര്യം', അക്ഷയ് പറഞ്ഞു. 

'അവര്‍ മാപ്പ് പറയണമെന്ന് പിച്ചപ്പാത്രവുമായി ഞാന്‍ യാചിക്കുകയല്ല. അവര്‍ ഈ ചിത്രം കണ്ടശേഷം തെറ്റ് തിരിച്ചറിയണം. മറ്റ് കാര്യങ്ങള്‍ അവരുടെ വായില്‍നിന്ന് സ്വാഭാവികമായി വരും. ക്ഷമാപണം തീര്‍ച്ചയായും സംഭവിക്കും, അത് സ്വാഭാവികമായി നടക്കും. പക്ഷേ അവര്‍ ഈ സിനിമ കാണണം. ബ്രിട്ടീഷ് സര്‍ക്കാരും ചാള്‍സ് രാജാവും സിനിമ കാണണം. എന്താണ് സംഭവിച്ചതെന്ന് അവര്‍ മനസിലാക്കണം. ബാക്കിയെല്ലാം സ്വാഭാവികമായി സംഭവിക്കും', അക്ഷയ് കൂട്ടിച്ചേര്‍ത്തു. 

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ആസ്​പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ശങ്കരന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് അക്ഷയ് കേസരിയില്‍ അവതരിപ്പിക്കുന്നത്. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി.ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് സൂചനകള്‍.

ENGLISH SUMMARY:

Actor Akshay Kumar requests British King Charles to watch his new film "Kesari Chapter 2". Akshay hopes that after watching the film, the King will acknowledge past mistakes and apologize for them