ഹോളുവുഡ് താരം മിക്ക് റൂര്‍ക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ബെല്ലാ തോണ്‍ രംഗത്ത്. ഗേള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്നാണ് ബെല്ലാ തോണിന്‍റെ ആരോപണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നേരിട്ട ദുരനുഭവം ബെല്ല വിവരിച്ചത്. കരിയറില്‍ നേരിട്ട ഏറ്റവും മോശം അനുഭവമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രൂവിന്‍റെ മുമ്പില്‍ തന്നെ അപമാനിച്ചു.
'ഗേൾ' എന്ന സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. കൈകൾ ബന്ധിച്ച് മുട്ടിൽ നിൽക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു ഞാന്‍. ഈ സമയം, ലോഹ ഗ്രൈൻഡർ ഉപയോഗിച്ച് കാൽമുട്ടിൽ പ്രഹരിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. എന്നാൽ മിക്ക് റൂർക്ക് ജീൻസിന് മുകളിലൂടെ ഈ ഉപകരണം എന്റെ ജനനേന്ദ്രിയത്തിൽ ആവർത്തിച്ച് ഉപയോഗിച്ചു. ഇത് കാരണം പെൽവിക് അസ്ഥിയിൽ ചതവുണ്ടായി,' ബെല്ല കുറിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് പുറമേ എക്സില്‍ മിക്കിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ബെല്ലാ ഉന്നയിച്ചു. ഷൂട്ടിനിടക്ക് മിക്കി റൂർക്ക് കാർ ഉപയോഗിച്ച് തന്റെ ദേഹത്ത് മുഴുവൻ അഴുക്കാക്കിയ സംഭവവും ഉണ്ടായിട്ടുണ്ടെന്നും ബെല്ല പറഞ്ഞു.
എന്നാല്‍ ആരോപണങ്ങൾ നിഷേധിച്ച് മിക്കി റൂർക്കിന്റെ ടീം വാർത്താക്കുറിപ്പ് പുറത്തിറക്കി. 'എല്ലാ കക്ഷികളോടും ഉള്ള ബഹുമാനം കണക്കിലെടുത്ത്, അവകാശവാദങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, ഇപ്പോൾ കൂടുതൽ അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് റൂർക്ക് വിട്ടുനിൽക്കും. ഉചിതമായ ഏതൊരു അന്വേഷണവുമായും പൂർണ്ണമായും സഹകരിക്കാൻ അദ്ദേഹം തയ്യാറാണ്' അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.