കൊയ്തൊഴിഞ്ഞ പാടത്തു കുട്ടികള്‍ക്കൊപ്പം ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിക്കുന്ന ‘മാര്‍ക്കോ’യുടെ വിഡിയോ വൈറലായി. ഒറ്റപ്പാലം പല്ലാർമംഗലം പാടത്താണ് വേനലവധി ആഘോഷിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്കൊപ്പം നടന്‍ ഉണ്ണി മുകുന്ദനും ഇറങ്ങിയത്. സിനിമാ തിരക്കിന് അവധി നൽകി കഴിഞ്ഞ ദിവസമാണു താരം ഒറ്റപ്പാലത്തെ വീട്ടിലെത്തിയത്. വൈകിട്ട് സുഹൃത്ത് അർജുനൊപ്പം ബൈക്കിൽ പാടത്തെത്തി. കുട്ടികളുടെ ആവേശംകണ്ടാണ് ഉണ്ണിയും പാടത്ത് കളിക്കളത്തിലേക്കിറങ്ങിയത്. ഒരു ടീമില്‍ ഇടംനേടി. നാട്ടുകാരനായ സിസിഎല്‍ താരത്തെ കൂടി കളിക്കാന്‍ കിട്ടിയതോടെ ആവേശം ഉച്ചസ്ഥായിയില്‍.
ബാറ്റിങ്ങില്‍ മാത്രമല്ല ബോളിങ്ങിലും ഫീൽഡിലുമെല്ലാം താരം കളം നിറഞ്ഞു. കുട്ടിക്കളിക്കളത്തിലെ പരിമിതമായ സാഹചര്യങ്ങൾ തന്നെ ധാരാളമായിരുന്നു ഉണ്ണിയ്ക്ക്. മത്സരങ്ങൾ അവസാനിക്കുവോളം മൈതാനത്തു ചെലവഴിച്ചായിരുന്നു മടക്കം. ഒഴിവുസമയത്തു വീടിനു സമീപത്തെ മൈതാനത്തു കളത്തിലിറങ്ങിയ താരം ഉച്ചത്തിൽ വിളിച്ചു പറയുകയാണ് കളിയാണു ലഹരിയെന്ന്.
കളിക്കുന്നതിനിടെ നാളേയും വരുമോയെന്ന് ചോദിക്കുന്നുണ്ട് കുട്ടിത്താരത്തിലൊരാള്‍ ഉണ്ണിയോട്. നാളേയോ നോക്കാം എന്നായിരുന്നു ഉണ്ണിയുടെ മറുപടി. ഒടുവില്‍ ജയിച്ചേ ജയിച്ചു എന്നു പറയുമ്പോള്‍ അത് സമ്മതിക്കാതെ ബഹളംവയ്ക്കുന്ന കുട്ടിക്കൂട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഇങ്ങനെ കളിച്ചുനടക്കാതെ മാര്‍ക്കോ 2 ഇറിക്കിവിട് എന്നു പറയുന്നുണ്ട് വിഡിയോയ്ക്ക്് താഴെ ചില ആരാധകര്‍. കുട്ടികള്‍ക്കെന്ത്, ഉണ്ണി മുകുന്ദന്‍ അവരാസ്വദിച്ചങ്ങ് കളിക്കുകയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. വലിയ താരമായിട്ടും ഇങ്ങനെ നാട്ടിലിറങ്ങി കുട്ടികള്‍ക്കൊപ്പം കൂടിയ ഉണ്ണിയ്ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്.