ഹാരി പോട്ടര്‍ പരമ്പരയില്‍ ആരാകും പുതിയ അഭ്ദുതബാലനെന്നറിയാനുള്ള കാത്തിരിപ്പിനിടെ സഹതാരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് എച്ച് ബി ഒ. ചിത്രീകരണം തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ഹാരി പോട്ടര്‍ക്കായുള്ള തിരച്ചില്‍ അന്തിമഘട്ടത്തിലാണ്.
മാന്ത്രികലോകത്തേക്ക് ഹാരി പോട്ടറെ ആദ്യം കൈപിടിച്ച് നടത്തുന്ന പ്രിയപ്പെട്ട ഹാഗ്രിഡായി നിക്ക് ഫ്രോസ്റ്റ്. 53കാരനായ നിക്ക് കൊമേഡിയനും തിരക്കഥാകൃത്തുമാണ്. സ്കൂബീ ഡൂ, ഐസ് ഏജ് തുടങ്ങിയ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുമുണ്ട് നിക്ക്. പ്രഫസർ മക്ഗൊനാഗലായി ജാനറ്റ് മക്ക്റ്റീറും ഡംബിള്‍ഡോറായി ജോണ്‍ ലിത്ഗോയും എത്തും.
സെവറസ് സ്നേപ്പായി പാപ്പ എസിയെഡ്യൂ. അലന്‍ റിക്ക്മാന്‍ അനശ്വരമാക്കിയ റോളിലേക്ക് എസിയെഡ്യൂയെത്തുന്നതില്‍ വിമര്‍ശനവും കടുക്കുന്നുണ്ട്. ജെ.കെ. റോളിങ്ങിന്റെ പുസ്കങ്ങളോട് നീതിപുലര്‍ത്തിക്കൊണ്ടാകും പരമ്പരയെന്നു പറഞ്ഞ എച്ച് ബി ഒയെ വാക്കുതെറ്റിച്ചെന്നാണ് പോട്ടര്‍ഹെഡ്സിന്‍റെ വിമര്‍ശനം. ഫില്‍ച്ചായി പോള്‍ വൈറ്റ്ഹൗസും ലൂക്ക് ഥാലന്‍ ക്വിറെലായും വേഷമിടും. ഇനിയറിയേണ്ടത് ഹാരിയുടെയും റോണിന്റെയും ഹെര്‍മാണിയുടെയും പുതിയമുഖം എന്താണെന്ന്. ദിവസങ്ങളുടെ കാത്തിരിപ്പേ വേണ്ടുവെന്നാണ് എച്ച് ബി ഒ നല്‍കുന്ന സൂചന