വൈകുന്നേരം, കുട്ടികൾ കലപില കൂട്ടി മൈതാനത്ത് സിക്സും , ഫോറും അടിച്ച് റൺറേറ്റ് ഉയർത്തുന്നു. ആവേശം വാനോളം. ഇതിനിടയിലേക്കാണ് പുഞ്ചിരിയോടെ നടന്നടുത്തത്. ദേ നോക്കെടാ നമ്മുടെ ഉണ്ണി മുകുന്ദനെന്ന് കളി ആവേശക്കാർ പരസ്പരം. അൽപ നേരം കളിക്ക് ടൈം ഔട്ട്. ഉണ്ണിയേട്ടൻ പിന്നീട് ഉണ്ണികൾക്കൊപ്പം കൂടി. ഞാനും കളിക്കാൻ ഇറങ്ങട്ടെയെന്നായി ചോദ്യം. കുട്ടികൾ ആദ്യമൊന്ന് ശങ്കിച്ചെങ്കിലും ഉണ്ണിയേട്ടൻ സീരിയസാണെന്ന് അറിഞ്ഞതോടെ കുട്ടികളും ആവേശത്തിലായി. അങ്ങനെ ഉണ്ണിയേട്ടനും കൂളായി ടീമിൽ ഇടം പിടിച്ചു.
ഓൾറൗണ്ടർ ഉണ്ണിയേട്ടൻ
ബാറ്റിങ്ങിലായിരുന്നു ആദ്യ ഊഴം. ആദ്യത്തെ ബോൾ സ്റ്റംപിൽ തൊട്ടു , തൊട്ടില്ല എന്ന മട്ടിൽ നീങ്ങിയത് ഒഴിച്ചാൽ പിന്നീട് ഒരു ബോളും ഉണ്ണിയേട്ടൻ വെറുതെ വിട്ടില്ല. സിക്സും ഫോറും തുടരെ തുടരെ അതിർത്തി കടന്നു. ഉണ്ണിയേട്ടൻ മാസാണെന്ന് കുട്ടികൾ. ഇടം കൈയൻ ബൗളറായും മികച്ച ഫീൽഡറായും ഉണ്ണി കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടത്ത് ആവേശം തീർത്തു.
ടെൻഷൻ മാറാനുള്ള മരുന്ന്
ഷൂട്ടിങ് ലൊക്കേഷനിലെ തിരക്കും, ടെൻഷനുമെല്ലാം ഇറക്കിവയ്ക്കാനാണ് ഒറ്റപ്പാലം പല്ലാർമംഗലം പാടത്തേക്ക് ഉണ്ണി ഓടിയിറങ്ങിയത്. തെങ്ങോലപ്പട്ടയിൽ ബാറ്റുണ്ടാക്കിയും റബർ പന്ത് ചുരുട്ടി അതിർത്തി കടത്തിയ അനുഭവങ്ങൾ ഉണ്ണിയുടെ ബാല്യകാലത്ത് ഏറെയുണ്ട്. വിദേശത്തായാലും സ്വദേശത്തായാലും ജന്മനാട്ടിൽ എത്തുമ്പോഴുള്ള സന്തോഷം വേറെയെന്ന് ഉണ്ണി. കുട്ടികൾ ഒരുപാട് നേരം കളിക്കണം. സന്തോഷം പങ്കിടണം. അങ്ങനെ ചേർന്ന് നടക്കുന്നവരാകണം. പുതുതലമുറയ്ക്ക് ഈ സ്വാതന്ത്ര്യമെല്ലാം നഷ്ടപ്പെട്ടെന്ന് പറയുന്നവരോട്'. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മനസ് വച്ചാൽ നല്ല നാളുകൾ കുട്ടികൾക്ക് തിരിച്ച് പിടിക്കാവുന്നതേയുള്ളൂ ........
കളിയാണ് ലഹരി
കൊയ്തൊഴിഞ്ഞ പാടത്തു ടെന്നിസ് ബോൾ ക്രിക്കറ്റ് ആവേശം പൊടി പാറുകയാണ്. ഒറ്റപ്പാലം പല്ലാർമംഗലം പാടത്തു കളിച്ചു തിമിർത്തു വേനൽ അവധി ആഘോഷിക്കുകയാണു കുട്ടിക്കൂട്ടം. ഇവർക്കിടയിലേക്കു പതിവില്ലാത്ത ഒരാൾ കൂടി എത്തി. സെലിബ്രേറ്റി ക്രിക്കറ്റ് ലീഗ് താരം കൂടിയായ നടൻ ഉണ്ണി മുകുന്ദൻ. ആവേശം കണ്ടു കളത്തിലിറങ്ങിയ നടൻ കളിച്ചുകയറി. സിനിമാ തിരക്കിന് അവധി നൽകി കഴിഞ്ഞ ദിവസമാണു താരം ഒറ്റപ്പാലത്തെ വീട്ടിലെത്തിയത്. വൈകിട്ട് അയൽവാസി അർജുനൊപ്പം ബൈക്കിൽ പാടത്തെത്തി. അപ്പോൾ പാടത്തെ കളിയാവേശം ഉച്ചസ്ഥായിയിലായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. ഒരു ടീമിൽ ഇടംപിടിച്ചു. ബാറ്റിങ്ങിൽ മാത്രമല്ല, ബോളിങ്ങിലും ഫീൽഡിലുമെല്ലാം താരം കളം നിറഞ്ഞു. കുട്ടിക്കളിക്കളത്തിലെ പരിമിതമായ സാഹചര്യങ്ങൾ തന്നെ ധാരാളമായിരുന്നു നാട്ടുകാരനായ സിസിഎൽ താരത്തിന്. മത്സരങ്ങൾ അവസാനിക്കുവോളം മൈതാനത്തു ചെലവഴിച്ചായിരുന്നു മടക്കം. ഒഴിവുസമയത്തു വീടിനു സമീപത്തെ കളി മൈതാനത്തു കളത്തിലിറങ്ങിയ താരം ഉച്ചത്തിൽ വിളിച്ചു പറയുകയാണ് 'കളിയാണു ലഹരി'.