തകര ഷീറ്റും പ്ലാസ്റ്റിക് ബക്കറ്റും കുറച്ചു പൈപ്പും വീപ്പയും കമ്പുകളും, ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങാന്‍ ഇതാ ഇത്രയും ആയുധങ്ങളും നല്ലൊരു പാട്ടുകാരനും മാത്രം മതിയെന്ന് തെളിയിച്ചിരിക്കുകയാണ് ‘ഡബ്ബാ ബീറ്റ്’. കുട്ടിക്കൂട്ടത്തിന്‍റെ ‘ഇല്യുമിനാറ്റി’ ഇതിനോടകം വൈറലായി കഴിഞ്ഞു. മൂന്ന് മില്യണോളം അടുക്കുകയാണ് വ്യൂസ്.

ഫഹദ് ഫാസില്‍ അഴിഞ്ഞാടിയ ‘ആവേശം’ സിനിമയിലെ ഇല്യുമിനാറ്റി എന്ന പാട്ട് ഡബ്ബാ ബീറ്റിലെ കുട്ടി ഗായകൻ മുന്നിൽ നിന്നു പാടിയപ്പോൾ പിന്നിൽ ബക്കറ്റിലും ഷീറ്റിലും പൈപ്പിലും പക്കമേളം തീർത്തു കുട്ടിക്കൂട്ടം കട്ടയ്ക്കു നിന്നു. ‘എടാ മോനേ’ എന്ന രംഗണ്ണന്റെ സിഗ്നേച്ചർ ഡയലോഗ് കൂടി പറഞ്ഞാണ് കുട്ടിക്കൂട്ടം വിഡിയോ അവസാനിപ്പിക്കുന്നത്.

സംവിധായകനും നടനുമായ ബേസിൽ ജോസഫ്, നടി അഖില ഭാര്‍ഗവന്‍, ദാബ്സി, കനി കുസൃതി തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖർ അഭിനന്ദനങ്ങളുമായെത്തിയിട്ടുണ്ട്. കുട്ടിക്കൂട്ടത്തിന്‍റെ പാട്ടുകളെല്ലാം ആളുകള്‍ ഏറ്റെടുക്കുകയാണ്. മിക്ക വിഡിയോകള്‍ക്കും ലക്ഷക്കണക്കിന് വ്യൂസാണ് ഉള്ളത്.

തൃശൂർ കൊള്ളന്നൂരിലെ പ്രശസ്തമായ താളവാദ്യ ബാൻഡ് ആയ ആട്ടം കലാസമിതിയുടെ ഭാഗമാണ് കുട്ടിക്കൂട്ടത്തിന്‍റെ ഈ ഡബ്ബാ ബീറ്റ്. രണ്ടു വർഷം മുൻപ് തമിഴ് സംഗീത സംവിധായകൻ അനിരുദ്ധിന്റെ അറബിക് കുത്തുപാട്ട് അവതരിപ്പിച്ചാണ് ഡബ്ബാ ബീറ്റ് ശ്രദ്ധ നേടുന്നത്. പിന്നീട് പല പരിപാടികളും ഇവര്‍ക്ക് ലഭിച്ചു. വേദികള്‍ കയ്യടക്കി ഇവര്‍ കയ്യടി നേടുകയാണ്. 

ആട്ടം കലാസമിതിയുടെ ചെണ്ട മേളവും ശിങ്കാരി മേളവും കേട്ട്, അതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബക്കറ്റിലും പാട്ടയിലുമൊക്കെ കുട്ടിക്കൂട്ടം താളം പിടിക്കാൻ തുടങ്ങിയത്. പ്ലാസ്റ്റിക് സ്റ്റൂളും വീപ്പയും ബക്കറ്റുകളുമാണ് ഇവരുടെ പ്രധാന വാദ്യോപകരണങ്ങള്‍. ഒറിജിനൽ വാദ്യമേളങ്ങളോടു കിടപിടിക്കുന്ന പ്രകടനമാണ് 'റിസൈക്കിൾഡ്' വാദ്യോപകരണങ്ങൾ വച്ചു ഡബ്ബാ ബീറ്റ് ഒരുക്കുന്നത്. 

സംസ്ഥാന പുരസ്‌കാരം നേടിയ പല്ലൊട്ടി 90'സ് കിഡ്സ്‌ എന്ന സിനിമയിലും ഡബ്ബാ ബീറ്റ് ഭാഗമായിരുന്നു. മഴവില്‍ മനോരമയിലെ കിടിലം പരിപാടിയിലും ഇവര്‍ കൊട്ടികയറിയിരുന്നു. റിമി ടോമി ഈ കുട്ടി ബാന്‍ഡിനൊപ്പം അന്ന് ഒരു പാട്ടുപാടുകയുണ്ടായി.  

ENGLISH SUMMARY:

Kids music band Dabba Beat's new song goes viral on social media.