മകൾ പോളിടെക്നിക് തിരഞ്ഞെടുപ്പ് ജയിച്ച് ആഹ്ലാദപ്രകടനവുമായി വരുമ്പോഴാണ് എതിരെ അച്ഛൻ ഓടിക്കുന്ന ബസ്സ് വരുന്നത്. ഡ്രൈവിങ് സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ മകള്‍ക്ക് അച്ഛന്റെ അഭിനന്ദനം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ മനോഹര കാഴ്ച.
35 വർഷത്തെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിച്ചാണ് കളമശേരി ഗവൺമെന്റ് വിമൻസ് പോളി ടെക്‌നിക് പാനലിൽ കെഎസ്‌യു വിജയം നേടുന്നത്. ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട വൈഗയും അച്ഛനും ആഹ്ലാദ പ്രകടനങ്ങള്‍ക്കിടെയാണ് കണ്ടുമുട്ടുന്നത്. കെഎസ്‍യുവിന്റെ നേതൃത്വത്തിൽ കളമശ്ശേരിയിൽ ആഹ്ളാദ പ്രകടനം നടത്തുകയായിരുന്നു. ഇതിനിടെയാണ് വൈഗയുടെ അച്ഛൻ ജിനുനാഥ് ഓടിച്ച ബസ് അവിടെയെത്തുന്നത്. ആലുവ-എറണാകുളം റൂട്ടിലെ ബസ് ഡ്രൈവറാണ് ജിനുനാഥ്. പിന്നാലെ അച്ഛന്‍റെ ഹൃദയാഭിവാദ്യങ്ങള്‍. വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വൈഗയുടെയും അച്ഛൻ ജിനുനാഥിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
കളമശേരിയെ കൂടാതെ കോഴിക്കോട് വെസ്റ്റ് ഹിൽ ഗവ. പോളി ടെക്നിക് കോളജ് യൂണിയനും അങ്ങാടിപ്പുറം പോളിടെക്‌നിക് യൂണിയനും കെഎസ്‌യു– എംഎസ്എഫ് സഖ്യം പിടിച്ചെടുത്തു. അങ്ങാടിപ്പുറത്ത് 52 കൊല്ലത്തെ ചെങ്കോട്ട തകർത്തപ്പോള്‍ നാല് പതിറ്റാണ്ടിന് ശേഷമാണ് കോഴിക്കോട് കെഎസ്‌യു, എസ്എഫ്ഐയിൽ നിന്ന് യൂണിയൻ തിരിച്ച് പിടിച്ചത്. അതേസമയം, 55 പോളിടെക്‌നിക്കുകളിൽ മത്സരം നടന്നപ്പോൾ 46 ക്യാമ്പസുകളിലും എസ്എഫ്ഐ വിജയിച്ചു.