മഹാരാഷ്ട്രയില്‍ ധൻഗർ സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് എടുത്തുചാടി ഡെപ്യൂട്ടി സ്പീക്കറും നിയമസഭാംഗങ്ങളും. വെള്ളിയാഴ്ചയാണ് സെക്രട്ടറിയേറ്റില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഡെപ്യൂട്ടി സ്പീക്കര്‍ നർഹരി സിർവാളും ബിജെപി എംപി ഉൾപ്പെടെ മൂന്ന് നിയമസഭാംഗങ്ങളുമാണ് എടുത്തുചാടിയത്.
അതേസമയം, ആത്മഹത്യാശ്രമങ്ങൾ തടയാൻ 2018ൽ സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ച സുരക്ഷാവലയിലേക്കാണ് നാലുപേരും ചാടിയത്. ഇവരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മൂന്ന് നിയമസഭാംഗങ്ങളും നെറ്റിൽ ഇറങ്ങിയ ശേഷം തിരികെ കെട്ടിടത്തിലേക്ക് കയറുന്നത് വീഡിയോകളിൽ കാണാം.
സംസ്ഥാനത്തെ ധൻഗർ സമുദായം നിലവിൽ മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) വിഭാഗത്തിലാണ്, അവരെ എസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോലാപൂർ ജില്ലയിലെ പണ്ഡർപൂരിൽ ചില അംഗങ്ങൾ പ്രക്ഷോഭം നടത്തിവരികയാണ്. എന്നാല്‍ ഈ ആവശ്യത്തെ എതിർത്ത് സെക്രട്ടേറിയറ്റില്‍ നിന്ന് ചാടി പ്രതിഷേധിക്കാന്‍ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) അജിത് പവാർ വിഭാഗത്തിലെ അംഗമായ സിർവാളും മൂന്ന് നിയമസഭാംഗങ്ങളും തീരുമാനിക്കുകയായിരുന്നു. അതേസമയം തീരുമാനം സർക്കാരിന്‍റെ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്.