വൈദ്യുതാഘാതമേറ്റ് ബ്രസീലിയൻ ഗായകന്‍ അയേഴ്സ് സാസാക്കിക്ക് ദാരുണാന്ത്യം. ബ്രസീലിലെ സാലിനോപോളീസ് പാരയിലുള്ള ഹോട്ടലിൽ വച്ചുനടന്ന പരിപാടിക്കിടെയാണ് സംഭവം. പാട്ടു കേട്ട് ആലിംഗനം ചെയ്യാനെത്തിയ ആരാധകനെ കെട്ടിപിടിച്ചപ്പോഴാണ് ഗായകന് ഷോക്കേറ്റത്.
ആരാധകന്‍ നനഞ്ഞാണ് സ്റ്റേജിലേക്ക് എത്തിയത്. വേദിയിലെ കേബിളിൽ ചവിട്ടി നിന്നതും നനവും ഇരുവർക്കും ഷോക്കേൽക്കുന്നതിനു കാരണമായി. അയേഴ്സിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷോക്കേറ്റ ആരാധകന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആരാധകൻ നനവോടെ വേദിയിലേക്ക് കയറി വന്നത് ആസൂത്രിതമാണോയെന്ന സംശയമുണ്ട്. സംഭവം കണ്ടു നിന്ന സാക്ഷികളെ ചോദ്യം ചെയ്തു വരികയാണ്.
ഒരു വർഷം മുൻപായിരുന്നു ഗായകന്‍റെ വിവാഹം. ദീർഘ കാലത്തെ പ്രണയത്തിനൊടുവിലാണ് പ്രിയതമ മരിയാനയുമായി അയേഴ്സ് വിവാഹിതനായത്. അയേഴിസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച എല്ലാവരോടും നന്ദി അറിയിച്ച് മരിയാന സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചു