Image Credit: Facebook

ഒന്‍പത് അവാര്‍ഡുകള്‍ നേടി സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ബെസിയുടെ ആടുജീവിതം. ചിത്രത്തിന് ലഭിച്ച അംഗീകാരങ്ങളിൽ അതീവ സന്തോഷമുണ്ടെന്ന് സംവിധായകൻ ബ്ലെസി പ്രതികരിച്ചു. എന്നാല്‍ ചിത്രത്തിലെ സംഗീതത്തെ പരിഗണിക്കാതിരുന്നതിൽ വിഷമമുണ്ടെന്നും ബ്ലെസി പറഞ്ഞു. ആടുജീവിതത്തിന്‍റെ ആത്മാവായിരുന്നു അതിന്‍റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും. തനിക്ക് അവാര്‍ഡ് ലഭിച്ചില്ലെങ്കിലും സംഗീതത്തിന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നെന്ന് ബ്ലെസി വ്യക്തമാക്കി. അതേസമയം എ ആര്‍ റഹ്മാന് അവാര്‍ഡ് ലഭിക്കാത്തതിലല്ല, അദ്ദേഹത്തിന്‍റെ പ്രയത്നത്തിന്  അംഗീകാരം കിട്ടാതെ പോയതിലാണ് പ്രയാസമെന്നും ബ്ലെസി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംവിധായകന്‍ ബ്ലെസിയുടെ പ്രതികരണം. 

മികച്ച സംവിധായകനുളള പുരസ്​കാരമടക്കം 9 അവാര്‍ഡുകളാണ് ബ്ലെസിയുടെ ആടുജീവിതം നേടിയത്. പ്രവാസിയായ നജീബിന്‍റെ അതിജീവനത്തിന്‍റെ കഥ പറഞ്ഞ ചിത്രത്തില്‍ നായകനായെത്തിയത് പൃഥ്വിരാജ് സുകുമാരനാണ്. ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമായൊരുക്കിയ ചിത്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചത്. നജീബ് എന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതകഥ ആഗോളതലത്തിലും ശ്രദ്ധനേടി. ആടുജീവിതത്തിലൂടെ പൃഥ്വിരാജിന് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഒപ്പം അഭിനയിച്ച ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ചിത്രത്തിനായി സംഗീതം നിര്‍വ്വഹിച്ചത് ഓസ്കാര്‍ ജേതാവ് കൂടിയായ എ ആര്‍ റഹ്മാനായിരുന്നു. ചിത്രത്തിലെ പാട്ടുകളും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ 9 അവാര്‍ഡുകള്‍ നേടിയ ആടുജീവിതത്തിന് സംഗീതത്തിന് പുരസ്കാരം ലഭിക്കാതെ പോയതില്‍ വിഷമമുണ്ടെന്നായിരുന്നു സംവിധായകന്‍ ബ്ലെസി പ്രതികരിച്ചത്. 

ബ്ലെസിയുടെ വാക്കുകള്‍ ഇങ്ങനെ....

'ആടുജീവിതത്തിന്‍റെ ആത്മാവ് സംഗീതമായിരുന്നു. അതിന് പുരസ്കാരം ലഭിക്കാത്തതില്‍ നിരാശയുണ്ട്. കാരണം ഞാന്‍ എന്‍റെ തിരിക്കഥയിലൊക്കെ പലയിടത്തും മ്യൂസിക്കിനെ പരാമര്‍ശിച്ചിട്ടുണ്ട്. തുടക്കത്തില്‍ സ്വര്‍ഗീയ സംഗീതം താഴേയ്ക്ക് പൊഴിഞ്ഞിറങ്ങുന്നു എന്നൊക്കെ ഞാന്‍ എഴുതിയിട്ടുണ്ട്. അതിനെക്കാള്‍ അപ്പുറം അദ്ദേഹം (എ ആര്‍ റഹ്മാന്‍) ആദ്യം ചെയ്തിട്ട് പിന്നീട് മാറ്റി ഒരു ഇന്‍റ്ര്‍നാഷ്ണല്‍ ലെവലിലേക്ക് കൊണ്ടുവന്നിട്ടുളള ഒരു സ്കോറാണത്. പിന്നെ പാട്ടുകളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെ വ്യത്യസ്തമായ നാല് പാട്ടുകളാണ് ചിത്രത്തിലുളളത്. അവാര്‍ഡ് കിട്ടാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ബാക്കി അവാര്‍ഡ് കിട്ടിയവരുടെ വര്‍ക്കിനെ ഞാന്‍ ചെറുതാക്കി പറയുന്നതല്ല'. 

 

 

'ഈയൊരു അവാര്‍ഡ് ചിലപ്പോള്‍ അദ്ദേഹം  (എ ആര്‍ റഹ്മാന്‍) ശ്രദ്ധിക്കുന്നുപോലും ഉണ്ടാകില്ല. ഇനി അവാര്‍ഡ് കൊടുത്താലും അദ്ദേഹത്തിന് അത് സ്വീകരിക്കാന്‍ വരാനായെന്നുവരില്ല. ആടുജീവിതം എന്ന സിനിമയെ സംബന്ധിച്ച് പറയുമ്പോള്‍ വളരെ പ്രധാനപ്പെട്ടതാണ് എനിക്ക് സംഗീതം. കാരണം ആടുജീവിതം സിനിമയെ മുന്നോട്ട് നയിച്ചതിലും സംഗീതം പ്രധാന ഘടകമായിരുന്നു. ഇങ്ങനൊരു സിനിമ ചെയ്യണം എന്ന് ചിന്തിച്ചുതുടങ്ങിയപ്പോള്‍ തന്നെ ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ തന്നെ സംഗീതം ചെയ്യണമെന്ന് ആലോചിച്ചിരുന്നു'. 

 

 

'അദ്ദേഹത്തിന് അവാര്‍ഡ് കിട്ടാതെ പോയെന്നല്ല, അദ്ദേഹം ചെയ്ത വര്‍ക്കുകള്‍ക്ക് അംഗീകാരം കിട്ടാതെ പോയതിലാണ് പ്രയാസം. ജൂറിക്ക് തോന്നുന്ന ശരിതെറ്റുകള്‍ അനുസരിച്ചാണ് തീരുമാനം. എനിക്ക് മികച്ച സംവിധായകനുളള അവാര്‍ഡും ആടുജീവിതത്തിന് മറ്റ് നിരവധി അവാര്‍ഡും തന്ന അതേ ജൂറിതന്നെയാണ് സംഗീതത്തിന് അവാര്‍ഡ് പരിഗണിക്കാതിരുന്നത്. ജൂറിയുടെ തീരുമാനത്തെ എതിർക്കുന്നില്ല. സാധാരണഗതിയില്‍ നമുക്കുണ്ടാകുന്ന പ്രയാസമാണ് പ്രകടിപ്പിച്ചത്. അവാര്‍ഡിനായി എന്തെങ്കിലും അയക്കുമ്പോള്‍ തന്നെ ജൂറിയുടെ അന്തിമമായ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടാണ് അയക്കുന്നത്. ഇത് കേരളം സംസാരിക്കേണ്ട ഒരു വിഷയമായി തോന്നുന്നു. ഇപ്പോള്‍ എല്ലാം താരത്മ്യം ചെയ്താണല്ലോ ആളുകള്‍ നോക്കുന്നത്. തീര്‍ച്ചയായും ഇത് ചര്‍ച്ച ചെയ്യപ്പെടുമായിരിക്കും'. 

 

 

'എനിക്ക് അവാര്‍ഡ് ലഭിച്ചില്ലെങ്കിലും സംഗീതത്തിന് അവാര്‍ഡ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. മൂന്നാം തവണയാണ് എനിക്ക് മികച്ച സംവിധായകനുളള പുരസ്കാരം ലഭിക്കുന്നത്. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം എന്നുപറയുന്നത് പ്രേക്ഷകരിലേക്ക് സിനിമ എത്തുക എന്നതാണ്. ഒപ്പം ഇത്തരം അംഗീകാരങ്ങള്‍ കൂടി ലഭിക്കുമ്പോള്‍ കൂടുതല്‍ സന്തോഷം' എന്നായിരുന്നു പുരസ്കാര പ്രഖ്യാപനത്തിന് ശേഷം സംവിധയകന്‍ ബ്ലെസിയുടെ പ്രതികരണം. 

ENGLISH SUMMARY:

Blessy talks about Aadujeevitham and A R Rahman's music