ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ശങ്കര്‍ ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. രാം ചരണ്‍ നായകനായ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് ഒരുങ്ങിയത്. എന്നാല്‍ പറഞ്ഞ് പഴകിയ തിരക്കഥയും ക്ലീഷേ അവതരണവും ഇതൊരു ശങ്കര്‍ ചിത്രം തന്നെയാണോ എന്ന് പ്രേക്ഷകര്‍ ചോദിച്ചു. തിയറ്ററിൽ തകർന്നു പോയ ‘ഇന്ത്യൻ 2’ന്റെ സമാനശൈലിയിൽ തന്നെയാണ് ഗെയിം ചേഞ്ചറിന്റെ മേക്കിങ് എന്നാണ് ഉയരുന്ന പ്രധാന വിമർശനം. ബ്രഹ്മാണ്ഡ കാഴ്ചകൾ ഒരുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതിലൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പുതുമയില്ലാത്തത് ചിത്രത്തിന് തിരിച്ചടിയായി.
2021 അനൗൺസ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പല തവണ നീട്ടി വെച്ചു. ശങ്കർ ഗെയിം ചെയിഞ്ചറിനൊപ്പം തന്നെ ഇന്ത്യൻ 2 ന്റെയും അണിയറ ജോലികളിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യൻ 2 വിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല, 2019 ന് ഷൂട്ട് തുടങ്ങിയ ചിത്രം 4 വർഷമെടുത്തു പൂർത്തിയാക്കാൻ. അതിനൊപ്പം ഇന്ത്യന്റെ മൂന്നാം ഭാഗവും ശങ്കർ ചിത്രീകരിച്ചു. എന്നാൽ ഇന്ത്യൻ 2 തിയറ്ററുകളിൽ വൻപരാജയം നേരിട്ടതിനാൽ ഇന്ത്യൻ 3 തിയറ്റർ റിലീസ് ഉണ്ടാവില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം 6 മാസത്തിനുള്ളിൽ തിയറ്ററുകളിൽ എത്തും എന്ന് ശങ്കർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ 3 യുടെ തിരക്കുകൾ കാരണം ഗെയിം ചെയിഞ്ചറിൽ ശ്രദ്ധ കൊടുക്കാൻ സാധിച്ചില്ല, ചിത്രം അഞ്ച് മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നതിനാൽ കുറെയധികം സീനുകൾ മുറിച്ചു മാറ്റേണ്ടി വന്നു, ചിത്രത്തിന്റെ പൂർണതക്കായി കഷ്ടപ്പെട്ട് ചെയ്ത പല സീനുകളിലും കത്തി വെക്കേണ്ടി വന്നതിൽ ഖേദമില്ലെന്ന് ശങ്കർ പറഞ്ഞിരുന്നു.