താന്‍ ആലപിച്ച പല ഗാനങ്ങളുടെയും വരികളെക്കുറിച്ചോർക്കുമ്പോൾ ലജ്ജ തോന്നാറുണ്ടെന്ന് ഗായിക ശ്രേയ ഘോഷാല്‍. സഭ്യതയുടെ അതിര്‍വരമ്പിനോട് ചേര്‍ന്നുകിടക്കുന്ന പല ഗാനങ്ങളും താന്‍ ആലപിച്ചിട്ടുണ്ടെന്നും ചെറിയ കുട്ടികള്‍ പോലും അര്‍ഥമറിയാതെ ഈ പാട്ടുകള്‍ പാടുന്നതു കണ്ടപ്പോഴാണ് അതേക്കുറിച്ചു തനിക്കു കൂടുതല്‍ ബോധ്യമുണ്ടായതെന്നും ശ്രേയ. അടുത്തിടെ ലില്ലി സിങ്ങുമായുള്ള അഭിമുഖത്തിലാണ് ശ്രേയ ഘോഷാല്‍ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
‘കുട്ടികൾ എന്‍റെ പാട്ടുകള്‍ക്ക് ഡാന്‍സ് ചെയ്യുന്നു. പാട്ട് ഏറെ ഇഷ്ടപ്പെട്ടുവെന്ന് എന്നോടു പറയുന്നു. അത് നിങ്ങള്‍ക്ക് വേണ്ടി പാടിത്തരട്ടേയെന്ന് ചോദിക്കുന്നു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ ലജ്ജ തോന്നാറുണ്ട്. അഞ്ചോ ആറോ വയസ്സുള്ള കുട്ടി ആ വരികള്‍ പാടുന്നത് അത്ര നല്ലതായി തോന്നുന്നില്ല. അതേസമയം, ഒരു സ്ത്രീയാണ് ആ വരികള്‍ എഴുതിയിരുന്നതെങ്കില്‍ അത് കൂടുതല്‍ മനോഹരമായിരുന്നേനെ. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് തെറ്റല്ല. പക്ഷേ അത് എഴുതിയ രീതിയാണ് പ്രധാനം. ഇതെല്ലാം കാഴ്ചപ്പാടിന്‍റെ വിഷയമാണ്. സിനിമകളും സംഗീതവും മനുഷ്യരില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഏതെങ്കിലും ബ്ലോക്ക്ബ്ലസ്റ്റര്‍ പാട്ടോ സിനിമയോ ചരിത്രത്തിന്‍റെ ഭാഗമാകും. എന്നാല്‍, എനിക്ക് അത്തരം ചരിത്രത്തിന്റെ ഭാഗമാകാന്‍ താൽപര്യമില്ല’, ശ്രേയ ഘോഷാൽ.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രേയ ഘോഷാലിന്‍റെ വാക്കുകൾ വൈറലായി . പിന്നാലെ ഗായികയെ വിമർശിച്ചു പലരും രംഗത്തെത്തി. അടുത്തിടെ യുഎസിൽ നടന്ന സംഗീതപരിപാടിയിൽ ഗായിക ‘ചിക്‌നി ചമേലി’ ഏറെ ആസ്വദിച്ചു പാടിയതാണെന്നും ഇപ്പോൾ കാണിക്കുന്നത് കപടസദാചാരമാണന്നുമാണ് ചിലർ പറയുന്നത്. എന്നാല്‍ വിമർശനങ്ങളോടു ശ്രേയ ഘോഷാൽ പ്രതികരിച്ചിട്ടില്ല.