എമ്പുരാന്‍ സിനിമയുടെ ട്രെയിലറില്‍ ‘എമ്പുരാനേ...’ എന്ന് നീട്ടി പാടിയ ആ ശബ്ദം പ്രേക്ഷകരെ ഏറെ കോരിത്തരിപ്പിച്ചതാണ്. ട്രെയിലറിന്‍റെ ആത്മാവ് തന്നെ ആ തീംസോങ്ങ് ആയിരുന്നുവെന്ന് പറയാം. ആരാണ് ആ ശബ്ദത്തിന് പിന്നില്‍?പിന്നണി ഗായകന്‍ ആനന്ദ് ശ്രീരാജിന്‍റേതാണ് ആ ശബ്ദം.
ട്രെയ്‌ലറിൽ തന്‍റെ ശബ്ദം ഉപയോഗിക്കും എന്നതിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും ട്രെയ്ലറില് തന്‍റെ ശബ്ദം കേട്ടപ്പോള്‍ കണ്ണുനിറഞ്ഞെന്നും ആനന്ദ് ശ്രീരാജ് പറയുന്നു. മൈല്‍സ്റ്റോണ്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആനന്ദ് ശ്രീരാജിന്‍റെ പ്രതികരണം.
ആനന്ദിന്‍റെ വാക്കുകള്‍ ഇങ്ങനെ;
‘എന്റെ വോയിസ് ഉണ്ടാകുമെന്നതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ട്രെയ്‌ലർ വന്നപ്പോൾ ലിറ്ററലി എന്റെ കിളി പോയ അവസ്ഥയായിരുന്നു. എന്റെ കണ്ണ് നിറഞ്ഞു. അതൊരു വല്ലാത്ത മൊമെന്റ് ആയിരുന്നു. ഞാൻ രാത്രി ഒന്നരയ്ക്കാണ് ട്രെയ്‌ലർ കാണുന്നത്. എന്റെ വോക്കൽ കേട്ടയുടൻ ഞാൻ അച്ഛനെ വിളിച്ച് എഴുന്നേൽപ്പിച്ച് അദ്ദേഹത്തെയും ഇത് കേൾപ്പിച്ചു. അച്ഛനും ഇമോഷണലായി. സിനിമയുടെ പാർട്ടാണ് എന്ന് എനിക്കറിയാം. എന്നാൽ ട്രെയ്‌ലറിൽ എന്റെ ശബ്ദം കേൾക്കാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. അത് ദൈവാനുഗ്രഹമായാണ് കാണുന്നത്,'
മാർച്ച് 27നാണ് ആഗോള റിലീസായി എമ്പുരാന്‍ തിയറ്ററുകളിലെത്തുന്നത്.മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്, പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയത് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിര്‍മിക്കുന്നത്.