‘അനിമൽ’ സിനിമയുടെ സംഗീതസംവിധായകൻ ഹർഷവർദ്ധൻ രമേശ്വർ മലയാളത്തിലേക്ക്. ‘അനോമി’ എന്ന ഭാവന ചിത്രത്തിലൂടെയാണ് ഹർഷവർദ്ധൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അനിമലിന് പുറമേ കബീർ സിങ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് ഇദ്ദേഹം.
ഭാവന ഫിലിം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്ന ചിത്രമാണ് അനോമി. ഭാവനയും റഹ്മാനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ റിയാസ് മാരാത്താണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, ഷെബിൻ ബെൻസൺ, അർജുൻ ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എപികെ സിനിമ എന്നിവരാണ് ഭാവന ഫിലിം പ്രൊഡക്‌ഷൻസിനൊപ്പം സിനിമയുടെ നിര്‍മാണപങ്കാളികള്‍. സുജിത്ത് സാരംഗ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കിരൺ ദാസാണ്. ദുൽഖർ സൽമാൻ ആണ് അനോമിയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്.