ഉണ്ണി മുകുന്ദൻ നായകനായെത്തിയ രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷി’ന് ഒടിടിയില്‍ മികച്ച സ്വീകാര്യത. മനോരമ മാക്സിലാണ് ജയ് ഗണേഷ് റിലീസ് ചെയ്തത്. മേയ് 24 മുതല്‍ മനോരമ മാക്സില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ റെക്കോര്‍ഡ് കാഴ്ച്ചക്കാരെ സ്വന്തമാക്കി. മനോരമ മാക്സില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ജനപ്രിയ ചിത്രമെന്ന നേട്ടം കൈവരിച്ചതും ജയ് ഗണേഷ് തന്നെ.

ഈ വര്‍ഷം മനോരമ മാക്സില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടതും ഈ ചിത്രം തന്നെ.  മാക്സില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം കണ്ട ചിത്രം എന്ന റെക്കോര്‍‍ഡും ജയ് ഗണേഷ് സ്വന്തമാക്കി. സർപ്രൈസ്, സസ്പെൻസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം ഉദ്വേഗജനകമായ ഘടകങ്ങളും ഉള്‍പ്പെടുത്തി നിര്‍മിച്ച ചിത്രം തിയറ്ററുകളിലും മികച്ച പ്രതികരണം നേടിയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്നു എന്നതാണ് ചിത്രത്തെ കൂടുതല്‍ ജനപ്രിയമാക്കി തീര്‍ത്തതെന്നാണ് ആസ്വാദക അഭിപ്രായം.

ഏപ്രില്‍ 11ന് വിഷു റീലീസായാണ് ജയ് ഗണേഷ് തിയറ്ററുകളിലെത്തിയത്. രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച ചിത്രം ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ടെക്​നോ ത്രില്ലര്‍ സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രം ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് പറയുന്നത്. മഹിമ നമ്പ്യാരാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷം ജോമോളും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കരിയറില്‍ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ ജയ് ഗണേഷില്‍ അവതരിപ്പിച്ചിരിക്കുന്നത്.  മാസ്റ്റര്‍ പീസ്, ഷഫീക്കിന്‍റെ സന്തോഷം, ചാണക്യതന്ത്രം, വിക്രമാദിത്യന്‍, മല്ലു സിങ് എന്നിവയാണ് മനോരമ മാക്സില്‍ റീലീസ് ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രങ്ങള്‍. ഉണ്ണി മുകുന്ദന്‍ മൂവി ഫെസ്റ്റിന്‍റെ ഭാഗമായി ഈ അഞ്ച് ചിത്രങ്ങളും ഒരാഴ്ച്ചക്കാലം സൗജന്യമായി മനോരമ മാക്സില്‍ കാണാം. 

ENGLISH SUMMARY:

Jai Ganesh became the most popular movie of 2024 in Manorama Max